ക്ഷമയോടെ ക്യൂ നിന്നതിന് ബിജെപിക്കാരുടെ വക ഒരു വീടിന് ഒരു ലഡു; ആ ഒരു ലഡു വാങ്ങാനായി പണിക്കു പോകാതെ വീട്ടിലിരിക്കണോ?

single-img
13 December 2016

laddu
ഡല്‍ഹി: രാജ്യത്ത് നോട്ടു അസാധുവാക്കിയത് ജനങ്ങള്‍ക്ക് കൈയ്പ്പേറിയ അനുഭവം തന്നെയായിരുന്നു. പലരും അത് കടിച്ചു പിടിച്ചിറക്കിയെങ്കിലും അതിന് ഇത്തിരി മധുരം കൊടുക്കാനായി ഡല്‍ഹിയിലെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി.

നോട്ട് അസാധുവാക്കിയ സമയത്ത് ബാങ്കിനു മുന്നില്‍ കാത്തു നില്‍ക്കുന്നവര്‍ക്കായി കുടിവെള്ളം വിതരണം ചെയ്ത ബിജെപി പ്രവര്‍ത്തകരുടെ സേവനത്തെ പലരും നിരസിച്ചിരുന്നെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ വീണ്ടും എത്തിയിരിക്കുകയാണ്. അന്ന് കുടിവെള്ളമാണ് നല്‍കിയതെങ്കില്‍ ഇപ്പോള്‍ ലഡു വിതരണമാണ് നടത്തിയിരിക്കുന്നത്.

ഡല്‍ഹിയിലെ എടിഎം കൗണ്ടറിന് മുന്നില്‍ ക്യൂ നിന്ന് തളര്‍ന്നവര്‍ക്കാണ് ലഡുവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. നോട്ടു നിരോധനത്തിന്റെ അരക്ഷിതാവസ്ഥ മറികടക്കാനാണ് പ്രവര്‍ത്തകര്‍ ലഡു വിതരണം നടത്തിയിരിക്കുന്നത്. ഇനി മുതല്‍ എല്ലാ വീടുകളിലും കയറി ഇറങ്ങിയുള്ള ലഡു വിതരണമാണ് ബിജെപി പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.

വിപ്ലവകരമായ ഒരു തീരുമാനമാണ് കള്ളപ്പണം ഇല്ലാതാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൈക്കൊണ്ടത്. ഈ തീരുമാനം നടപ്പാക്കിയ ആദ്യ ഘട്ടം മുതല്‍ ജനങ്ങള്‍ക്കുണ്ടായത് വളരെ വലിയ ബുദ്ധിമുട്ടുകളാണ്. എന്നാല്‍ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി ജനങ്ങള്‍ അത് സഹിച്ചു. ഇനി ഞങ്ങളുടെ ഊഴമാണ്. ജനങ്ങള്‍ കാണിച്ച സഹിഷ്ണുതക്ക് നന്ദി പറയാനാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് ബിജെപി നേതാവ് മനോജ് തിവാരി പറയുന്നത്.

നോട്ടു നിരോധനത്തിന് ശേഷം ബാങ്കിലും എടിഎമ്മിലും മറ്റും ക്യൂ നിന്ന് ജനങ്ങള്‍ കാണിച്ച ത്യാഗത്തിന് നന്ദി പറയുന്നതായും തിവാരി അഭിപ്രായപ്പെട്ടു. ജനുവരി 1 മുതല്‍ എല്ലാ വീടുകളിലും അതാതു പ്രദേശങ്ങളിലുള്ള ബിജെപി പ്രവര്‍ത്തകരാണ് ലഡു വിചരണം ചെയ്യുന്നത്. എന്നാല്‍ ഇതില്‍ തമാശ ജനിപ്പിക്കുന്ന കാര്യം ഒരു വീടിന് ഒരു ലഡു എന്നതാണ്. സാധാരണക്കാരായ ജനങ്ങള്‍ ഒരു ലഡു വീട്ടില്‍ കൊണ്ടു തരുന്നത് വാങ്ങാനായി പണിക്ക് പോവാതെ കാത്തിരിക്കണമെന്നായിരിക്കും പ്രവര്‍ത്തകരുടെ വിചാരം.