ആര്‍.ശ്രീലേഖയ്ക്ക് എതിരായ റിപ്പോര്‍ട്ടില്‍ നടപടി വൈകിപ്പിച്ചു; ചീഫ് സെക്രട്ടറിയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

single-img
13 December 2016

r-sreelekha
തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി എഡിജിപി ആര്‍. ശ്രീലേഖയ്ക്ക് എതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടി വൈകിപ്പിച്ചതില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് കോടതിയുടെ രൂക്ഷ വിമര്‍ശം. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് വിമര്‍ശനം. അതേസമയം, രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയതിനാലാണ് അന്വേഷണം വൈകിയത് എന്ന ചീഫ് സെക്രട്ടറിയുടെ വിശദീകരണം കോടതി തള്ളി.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഗതാഗതമന്ത്രി നല്‍കിയ പരാതി ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്നാണ് ആരോപണം. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലം മാറ്റം, ഓഫീസ് പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍, വിദേശ യാത്രകളിലെ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം എന്നിവയാണ് ഗതാഗതമന്ത്രി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇക്കാര്യത്തില്‍ വിജിലന്‍സിന്റെ ത്വരിത പരിശോധനയും നടക്കുന്നുണ്ട്.

2016 ജൂലൈ 25നാണ് ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ പ്രത്യേക കുറിപ്പോടെ മന്ത്രി എ.കെ ശശീന്ദ്രന് ആര്‍.ശ്രീലേഖയ്ക്ക് എതിരായ ഫയല്‍ കൈമാറിയത്. സെക്രട്ടറിയുടെ ഫയല്‍ ഗതാഗതമന്ത്രി അന്വേഷണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി. എന്നാല്‍, നാലുമാസമായിട്ടും ചീഫ് സെക്രട്ടറി ഫയലില്‍ തീരുമാനമെടുത്തില്ല. കേരളാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ അപ്പോഴത്തെ ഗതാഗത കമ്മിഷണറായിരുന്ന ടോമിന്‍ ജെ. തച്ചങ്കരിയാണ് അന്വേഷണം നടത്തിയത്. നടപടി ശിപാര്‍ശ ചെയ്തുകൊണ്ട് ഈ ഫയല്‍ ‘അതീവ രഹസ്യം’ എന്ന് രേഖപ്പെടുത്തിയാണ് ഗതാഗത സെക്രട്ടറിയ്ക്ക് കൈമാറിയത്. ഈ ഫയല്‍ ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്നാണ് ആരോപണം.