നിയമവിരുദ്ധമായി നോട്ടുകള്‍ മാറ്റി നല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ പിടിയില്‍; മാറി നല്‍കിയത് ഒന്നര കോടി രൂപയുടെ നോട്ടുകള്‍

single-img
13 December 2016

rbi-story

ബെംഗളൂരു: നിയമവിരുദ്ധമായി നോട്ട് മാറ്റിനല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ബെംഗളൂരുവില്‍ പിടിയില്‍. റിസര്‍വ് ബാങ്കിന്റെ സീനിയര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് കെ. മൈക്കല്‍ ആണ് പിടിയിലായത് ഒന്നരക്കോടി രൂപയുടെ പഴയ നോട്ടുകള്‍ ഇയാള്‍ അനധികൃതമായി മാറ്റിനല്‍കിയെന്നാണ് വിവരം. സിബിഐ ആണ് മുതിര്‍ന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തിരിക്കുന്നത്.

കര്‍ണാടകയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും പിടികൂടി. കമ്മീഷന്‍ വാങ്ങി പഴയ നോട്ടുകള്‍ക്കു പകരം പുതിയത് നല്‍കുന്ന സംഘത്തിലെ ഏഴ് ഇടനിലക്കാരെയും ഉദ്യോഗസ്ഥ സംഘം അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇവരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ബന്ധുവായ എന്‍ജിനീയറും ഉള്‍പ്പെടുന്നു. പിടികൂടിയ നോട്ടുകളെല്ലാം പുതിയ 2000 രൂപയുടേതും 500 രൂപയുടേതുമാണ്. പഴയ നോട്ടുകള്‍ മാറി വാങ്ങാനുണ്ടെന്ന വ്യാജേനയെത്തിയാണ് ഇടനിലക്കാരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയത്.

5.7 കോടിയുടെ പുതിയ നോട്ടുകള്‍ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.ഇവര്‍ക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കലിന് കേസ് രജിസ്റ്റര്‍ ചെയ്തത്. 15 മുതല്‍ 35 ശതമാനം വരെയാണ് പഴയ നോട്ടുകള്‍ മാറി പുതിയതു നല്‍കുന്നതിന് ഇവര്‍ കമ്മീഷന്‍ ഈടാക്കിയിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കുമെന്നും പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.