93 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി; ഏഴ് ഇടനിലക്കാര്‍ പിടിയില്‍

single-img
13 December 2016

2-000-notes

ബംഗളുരു: കര്‍ണാടകയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി. കമ്മീഷന്‍ വാങ്ങി പഴയ നോട്ടുകള്‍ക്കു പകരം പുതിയത് നല്‍കുന്ന സംഘത്തിലെ ഏഴ് ഇടനിലക്കാരെയും ഉദ്യോഗസ്ഥ സംഘം അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇവരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ബന്ധുവായ എന്‍ജിനീയറും ഉള്‍പ്പെടുന്നു. പിടികൂടിയ നോട്ടുകളെല്ലാം പുതിയ 2000 രൂപയുടേതും 500 രൂപയുടെതുമാണ്. പഴയ നോട്ടുകള്‍ മാറി വാങ്ങാനുണ്ടെന്ന വ്യാജേനയെത്തിയാണ് ഇടനിലക്കാരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയത്.

5.7 കോടിയുടെ പുതിയ നോട്ടുകള്‍ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കലിന് കേസ് രജിസ്റ്റര്‍ ചെയ്തത്. 15 മുതല്‍ 35 ശതമാനം കമ്മീഷന്‍ വരെയാണ് പഴയ നോട്ടുകള്‍ മാറി പുതിയതു നല്‍കുന്നതിന് ഇവര്‍ ഈടാക്കിയിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കുമെന്നും പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, ഇടനിലക്കാര്‍ക്ക് പണം മാറാന്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.