യാന്ത്രികമായി ദേശീയത അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല; ചലചിത്രമേളയില്‍ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും എഴുന്നേറ്റ് നില്‍ക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമെന്ന് ചലച്ചത്ര അക്കാദമി ചെയര്‍മാന്‍

single-img
13 December 2016

kamal-759

തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും എഴുന്നേറ്റ് നില്‍ക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച ചലച്ചിത്രമേള ഡെലിഗേറ്റുകളെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും എന്നാല്‍ ഒരുദിവസം പല സിനിമകള്‍ കാണുന്നവര്‍ എല്ലാ ഷോയ്ക്കും എഴുന്നേറ്റ് നില്‍ക്കണമെന്നത് നിര്‍ഭാഗ്യകരമാണെന്നുമാണ് കമല്‍ പറഞ്ഞത്. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തതിനെ കുറിച്ച് പരാതി നല്‍കിയത് ചലച്ചിത്ര അക്കാദമിയല്ലെന്നും കമല്‍ വ്യക്തമാക്കി.ചലച്ചിത്രമേളയില്‍ സംഘര്‍ഷമുണ്ടാകാതെ നോക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും കമല്‍ പറഞ്ഞു. എന്നാല്‍ എടുത്തുചാടി ഇടപെടല്‍ ഉണ്ടാകരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അക്കാദമി ചെയര്‍മാന്‍ വെളിപ്പെടുത്തി.

യാന്ത്രികമായി ദേശീയത അടിച്ചേല്‍പിക്കുന്നത് ശരിയല്ലെങ്കിലും കോടതി ഉത്തരവ് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു