മൂന്നു ദിവസത്തെ അവധി കഴിഞ്ഞു; ബാങ്കുകള്‍ തുറന്നെങ്കിലും പണമില്ല, കണ്ണൂരില്‍ സംഘര്‍ഷം

single-img
13 December 2016

 

kannur-bank

കണ്ണൂര്‍: കഴിഞ്ഞ മൂന്നുദിവസം ജനങ്ങള്‍ വലഞ്ഞത് വലിയ രീതിയാലാണ്. മൂന്നു ദിവസം ബാങ്ക് അവധിയായതിനാല്‍ പണം എടിഎമ്മുകളില്‍ നിറച്ചു എന്നായിരുന്നു ബാങ്കുകള്‍ നല്‍കിയ വിശദീകരണം. എന്നാല്‍ എല്ലായിടത്തും എടിഎമ്മുകള്‍ കാലിയായിരുന്നു. അവധിക്കുശേഷം ബാങ്കുകള്‍ വീണ്ടും തുറന്നപ്പോള്‍ ആവശ്യത്തിനു പണമില്ലാത്തതിനാല്‍ കണ്ണൂരിലെ ബാങ്കില്‍ ഇന്ന് സംഘര്‍ഷമുണ്ടായി.

കണ്ണൂര്‍ കേളകം ഫെഡറല്‍ ബാങ്ക് ശാഖയിലാണ് സംഘര്‍ഷമുണ്ടായത്. ഇടപാടുകാരും ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇടപാടുകാര്‍ ജീവനക്കാരെ തടഞ്ഞുവച്ചു. രാവിലെ തന്നെ പണമില്ലെന്ന ബോര്‍ഡ് ജീവനക്കാര്‍ വച്ചതാണ് വാക്കേറ്റത്തിനു കാരണം. ഇതേത്തുടര്‍ന്ന് ടോക്കണ്‍ നല്‍കിയെങ്കിലും എപ്പോള്‍ പണം നല്‍കാനാകുമെന്ന് ജീവനക്കാര്‍ക്കു പറയാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

ഇപ്പോള്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വൈകുന്നേരത്തിനുള്ളില്‍ത്തന്നെ പണം നല്‍കാനാണ് ജീവനക്കാരുടെ ശ്രമം. ഇതേത്തുടര്‍ന്ന് സംഘര്‍ഷത്തിന് അയവു വന്നു. ഇന്നു ബാങ്കുകളില്‍ അനുഭവപ്പെടാവുന്ന തിരക്ക് കണക്കിലെടുത്തു പ്രധാന സ്ഥലങ്ങളിലെ എടിഎമ്മുകള്‍ നിറച്ചിട്ടുണ്ട്. റിസര്‍വ് ബങ്കില്‍ നിന്നും കൂടുതല്‍ നോട്ടുകള്‍ എത്തിയെങ്കിലേ ബാങ്കുകള്‍ക്ക് മറ്റ് എടിഎമ്മുകളിലും പണം നിറയ്ക്കാനാകൂ.