കറന്‍സിരഹിത പണമിടപാടില്‍ ബ്ലേഡ് മാഫിയ സംഘങ്ങള്‍ക്ക് ഈട് വിദ്യാര്‍ത്ഥിനികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും; ഡിജിറ്റല്‍ പണമിടപാടിനൊപ്പം നാളെ അത് ഇന്ത്യയിലും വരാം

single-img
13 December 2016

rupee-2000-notes

ഡിജിറ്റല്‍ പണമിടപാട് സജീവമായ ചൈനയില്‍ ഓണ്‍ലൈന്‍ ബ്ലേഡ് മാഫിയ സംഘങ്ങള്‍ ഈടായി ആവശ്യപ്പെടുന്നത് സ്ത്രീകളുടെ നഗ്നചിത്രങ്ങളും വീഡിയോകളുമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ ഡിജിറ്റല്‍ പണമിടപാടിനെ ചൂണ്ടിക്കാട്ടി നോട്ട് അസാധുവാക്കലിനെയും കേന്ദ്ര സര്‍ക്കാര്‍ സ്വപ്‌നം കാണുന്ന കറന്‍സിരഹിത പണമിടപാടുകളെയും ന്യായീകരിക്കുന്നവര്‍ ഇത്തരം വശങ്ങളെ കാണുന്നില്ല.

ചൈനയിലെ ചില ഡിജിറ്റല്‍ ബ്ലേഡ് കമ്പനികളുടെ ഡേറ്റാബേസ് ചോര്‍ന്നതിലൂടെയാണ് ഈ വിവരം പുറത്ത് വന്നത്. ലോണ്‍ ആവശ്യമുള്ള ചെറുപ്പക്കാരികളായ സ്ത്രീകളോട് ഈടായി ആവശ്യപ്പെടുന്നത് അവരുടെ നഗ്ന സെല്‍ഫികളാണെന്നാണ് ഈ ഡേറ്റാബേസില്‍ നിന്നും ലഭിക്കുന്ന വിവരം. വായ്പ അനുവദിക്കുന്നതിന് മാത്രമല്ല വായ്പ്പ തിരിച്ചടയ്‌ക്കേണ്ട കാലാവധി നീട്ടിക്കിട്ടുന്നതിനും ഇത് ബാധകമാണ്. ഇത്തരത്തിലുള്ള ഏതാനും ബ്ലേഡ് ഭീമന്‍മാരുടെ 10 ജിഗാബൈറ്റ് ഫൈലാണ് പുറത്തായത്.

സിപ്പ് ചെയ്ത ഈ ഫയലില്‍ 161 ഓളം സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും സെക്‌സ് വീഡിയോകളും ഉണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗവും 17നും 23നും ഇടയില്‍ പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ്. തങ്ങളെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൂടി വെളിപ്പെടുത്തുന്ന സംഭാഷണങ്ങളോട് കൂടിയ ലൈംഗിക വീഡിയോകളാണ് ഫയലില്ഡ ഉള്ളത്. ഓണ്‍ലൈന്‍ ആയി വായ്പ അനുവദിക്കുന്ന സമൂഹ നെറ്റ്‌വര്‍ക്ക് ആയ ജീദായ്ബാവോ എന്ന സൈറ്റിലെ വിവരങ്ങളാണ് മുഖ്യമായും ചോര്‍ന്നത്.

ഈ സൈറ്റില്‍ വായ്പ എടുക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രൊഫൈലില്‍ തങ്ങളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ തന്നെയാണ് നല്‍കേണ്ടത്. അതേസമയം ഫയല്‍ ചോര്‍ന്നതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും പോലീസിനോട് അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വായ്പ എടുക്കാന്‍ തങ്ങളുടെ ഐഡന്റിറ്റി കാര്‍ഡും പിടിച്ചു നില്‍ക്കുന്ന നഗ്ന സെല്‍ഫി നല്‍കണമെന്നാണ് യുവതികളോട് കമ്പനി ആവശ്യപ്പെടുന്നത്. സ്വയംഭോഗം ചെയ്യുന്നതിന്റെ വീഡിയോയും ഇതോടൊപ്പം ആവശ്യപ്പെടുന്നു. സ്റ്റുഡന്റ് ഐഡന്റിറ്റി കാര്‍ഡ്, സര്‍വകലാശാല സ്റ്റുഡന്റ് യൂസര്‍ പ്ലാറ്റ്‌ഫോമിന്റെ സ്‌ക്രീന്‍ ഷോട്ട് എന്നിവയും ആവശ്യപ്പെടുന്നു. കൃത്യസമയത്ത് പണം തിരിച്ചടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ വീഡിയോകളും ചിത്രങ്ങളും തങ്ങള്‍ പുറത്തുവിടുമെന്നാണ് കമ്പനി വിദ്യാര്‍ത്ഥിനികളോട് പറയുന്നത്.

കൂടാതെ പണം തിരിച്ചടയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളും ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശിക്കുന്നതായി ചാറ്റ് രേഖകളില്‍ നിന്നും വ്യക്തമായി. കമ്പനി പറയുന്ന ആളുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ അല്ലെങ്കില്‍ ഓണ്‍ലൈനില്‍ ലൈംഗിക ചാറ്റില്‍ ഏര്‍പ്പെടുക എന്നിവയാണ് അത്. 26 വായ്പകളുടെ വിവരങ്ങളും പുറത്തുവന്ന രേഖകളിലുണ്ട്. ഏകദേശം 145 മുതല്‍ 3,340 വരെ ഡോളറുകളുടെ വായ്പകളാണ് ഇവ. അഞ്ച് ആഴ്ച മുതല്‍ ഒമ്പത് മാസം വരെയാണ് ഇവയുടെ കാലാവധി. ആഴ്ചയില്‍ ഇവയുടെ പലിശ 15 ശതമാനമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

ചൈനയില്‍ സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കൂടിയതോടെ പണമിടപാടുകള്‍ ഡിജിറ്റലായെന്നും ഇന്ത്യ പഠിക്കേണ്ടത് ചൈനയെ കണ്ടാണെന്നും ഇന്ത്യന്‍ കോര്‍പ്പറേറ്റ് സമൂഹം ഗവണ്‍മെന്റിനെ ഉപദേശിക്കുന്ന കാലത്ത് ഈ വാര്‍ത്തയ്ക്ക് ഏറെ പ്രസക്തിയുണ്ട്. വ്യക്തികളുടെ സൈബര്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാത്തതില്‍ ചൈന തന്നെയാണ് ഇന്ത്യയുടെ മാതൃകയെന്നതിനാല്‍ പ്രത്യേകിച്ചും.