അതിര്‍ത്തിയില്‍ ഭീകരരുടെ സാന്നിധ്യം ശക്തമാകുന്നു; ഭീകരരുടെ ലോഞ്ച് പാഡുകള്‍ക്ക് പാക് സൈന്യത്തിന്റെ കാവല്‍

single-img
13 December 2016

terrorist

രണ്ട് മാസത്തിന് ശേഷം കാശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരരുടെ സാന്നിധ്യം കൂടുതല്‍ ശക്തമാകുന്നു. ഭീകരരുടെ നാല്‍പ്പത്തഞ്ചോളം ലോഞ്ച് പാഡുകള്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. നിയന്ത്രണ രേഖയില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം രണ്ട് മാസം പിന്നിട്ട സാഹചര്യത്തിലാണ് ഭീകരര്‍ അതിര്‍ത്തിയില്‍ വീണ്ടും ലോഞ്ച് പാഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് സൈന്യം നേരിട്ട് ഈ ലോഞ്ച് പാഡുകള്‍ക്ക് കാവല്‍ നില്‍ക്കുന്നതായാണ് വിവരം. മിന്നലാക്രമണത്തെ തുടര്‍ന്ന് ഭീകരരുടെ ലോഞ്ച് പാഡുകള്‍ അതിര്‍ത്തിക്ക് സമീപത്ത് നിന്നും മാറ്റിയിരുന്നു. എന്നാല്‍ രണ്ട് മാസത്തിന് ശേഷം നിയന്ത്രണരേഖയ്ക്ക് അഞ്ച്-ആറ് കിലോമീറ്ററുകള്‍ക്കടുത്തേക്ക് വരെ എത്തി ഇവ സ്ഥാപിച്ചിരിക്കുകയാണ്.

വരും ദിവസങ്ങളില്‍ കൂടുതല്‍ നുഴഞ്ഞുകയറ്റമുണ്ടായേക്കാമെന്ന നിഗമനത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. സാധാരണ ശൈത്യകാലമാകുമ്പോള്‍ നുഴഞ്ഞുകയറ്റത്തില്‍ കുറവു വരാറുണ്ട്. അതേസമയം ഇക്കുറി ഭീകരരുടെ ലോഞ്ച് പാഡുകളുടെ എണ്ണം കൂടുതലായതിനാല്‍ ഇനിയൊരു മിന്നലാക്രമണം നടത്തുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് രഹസ്യാന്വേഷണവിഭാഗം പറയുന്നത്.