നിങ്ങള്‍ അവനെന്ന് വിളിച്ചപ്പോഴാണ് ഞാന്‍ അവളിലേക്കുള്ള ദൂരമളന്നത്;  എനിക്കന്നുമിഷ്ടം കുപ്പിവളകളായിരുന്നു

single-img
12 December 2016

tamara

ഐഎഫ്എഫ്‌കെയില്‍ പത്മനാഭ തീയേറ്ററില്‍ തമാര സിനിമ കാണുമ്പോള്‍ തൊട്ടു പിറകിലിരുന്ന ശീതള്‍ ശ്യാമിന്റെ മുഖം ഞാന്‍ ശ്രദ്ധിച്ചു. കണ്ണുകള്‍ നിറഞ്ഞിരുന്നു. തിളങ്ങുന്ന ആടയാഭരണങ്ങള്‍ക്കുള്ളില്‍ അവര്‍ ഒളിപ്പിച്ചു വെച്ചത് നിറം മങ്ങിയ സ്വപനങ്ങളും ഏകാന്തതയും ഒറ്റപ്പെടലും.

പുരുഷനായി ജന്മം കൊണ്ടപ്പോളും കുപ്പി വളകളോടും മുത്തുമാലകളോടും തോന്നിയ താല്‍പര്യം തന്റെ സ്ത്രൈണതയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കുടുംബത്തോടും സമൂഹത്തോടും പടവെട്ടി സ്വന്തം വ്യക്തിത്വത്തിലേക്ക് ഒറ്റയ്ക്ക് തിരിഞ്ഞു നടന്നു, കരഞ്ഞ് കലങ്ങിയ കണ്ണുമായി. തന്റെ ശരീരത്തില്‍ പരിഹാസമായി പതിച്ച കഴുകന്‍കണ്ണുകളും കടന്ന് അവന്‍ അവളിലേക്ക് നടന്നു. പോകുന്ന വഴികളില്‍ കൂടെ കൂടാന്‍ നിരവധി പേരെത്തി. സ്വന്തം സ്വത്വത്തെ തേടുന്ന ഒരു വിഭാഗം. ആ കൂട്ടരെയാണ് നാം ശിഖണ്ഡിയെന്നും ഒന്‍പതെന്നും വിളിച്ചിരുന്നത്.

പുരുഷ ശരീരവും സ്ത്രീ മനസ്സുമായി ജീവിക്കുന്ന തമാരയുടെ കഥയാണ് എലിയ ഷനൈയ്ദര്‍ സംവിധാനം ചെയ്ത വെനസ്വേലയില്‍ നിന്നുള്ള ചിത്രമായ തമാര പറയുന്നത്. സ്ത്രീയായി മാറിയ തമാര അദ്രിയന്‍ എന്ന പുരുഷന്റെ യഥാര്‍ഥ ജീവിതകഥയുടെ ആവിഷ്‌കാരമാണ് ‘തമാര’. വെനസ്വേലന്‍ ദേശീയ അസംബ്ളിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാന്‍സ്ജെന്‍ഡര്‍. വെനസ്വേലയിലെ പ്രതിപക്ഷങ്ങളിലൊന്നായ പോപ്പുലര്‍ വില്‍ പാര്‍ടി പ്രതിനിധിയാണ് തമാര അദ്രിയാന്‍. രണ്ടു കുട്ടികളുടെ പിതാവ് കൂടിയായ തോമസ് അദ്രിയാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്തീയായി മാറാന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടിക്കാലംമുതലുള്ള അഭിനിവേശം അതിനുപിന്നിലുണ്ട്. കുടുംബം, കുട്ടികള്‍, സാമൂഹികവിലക്കുകള്‍ എല്ലാത്തിനെയും അതിജീവിച്ച് തന്റെ ഹൃദയം പറയുന്നതിനെമാത്രം അനുസരിക്കാന്‍ തോമസ് തീരുമാനിച്ചു. സ്ത്രീശരീരത്തിലേക്കുള്ള അല്ലെങ്കില്‍ തോമസില്‍ നിന്നും തമാരയിലേക്കുള്ള പരിവര്‍ത്തനയാത്ര പറയുന്ന സിനിമയ്ക്ക് അന്താരാഷ്ട ചലച്ചിത്ര മേളയില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്.

ട്രാന്‍സ്‌ജെന്‍ഡറെന്ന വ്യക്തിത്വം പുറത്തേക്ക് കാണിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അത് മറച്ചുവെച്ച് തമാര ജീവിച്ചുവെങ്കിലും പിന്നീയ് തന്നിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞ് സ്ത്രീയായി മാറി. ഇങ്ങനെയുള്ള ചിത്രങ്ങളില്‍ പൊതുവായി കഥാപാത്രത്തെ കാണിക്കുമ്പോള്‍ കാഴ്ച്ചയില്‍ സ്ത്രീയെ പോലെ തോന്നിക്കാനാണ് പൊതുവായി ശ്രമിക്കുക. എന്നാല്‍ തമാരയിലെ കഥാപാത്രം കാഴ്ച്ചയില്‍ പുരുഷനുമായാണ് കൂടുതല്‍ സാദൃശ്യം പുലര്‍ത്തുന്നത്. പക്ഷേ സ്വഭാവം കൂടുതലും സ്ത്രീയോട് അടുത്ത് നില്‍ക്കുന്നതുമാണ്. പുറമേയുള്ള കാഴ്ച്ചയേക്കാളേറെ മാനസികമായ തലങ്ങളിലൂടെയാണ് തമാര സഞ്ചരിക്കുന്നത്.

ട്രാന്‍സ്ജെന്‍ഡറെ ചുട്ടു കൊന്നു, പീഡിപ്പിക്കുന്നു തുടങ്ങിയ വാര്‍ത്തകള്‍ നമ്മുടെ മുന്നിലൂടെയാണ് പോകുന്നത്. കുടുംബത്തില്‍, സമൂഹത്തില്‍, പൊതുവിടങ്ങളില്‍ അവര്‍ ഒറ്റപ്പെടുന്നു. ലൈംഗിക തൊഴിലിലേക്ക് ചേക്കേറുന്നത് സമൂഹം മറ്റിടങ്ങളില്‍ അവഗണിക്കുന്നത് കൊണ്ടാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ ബോധം കിട്ടുകയാണെങ്കില്‍ ഞങ്ങളെപോലുള്ളവര്‍ക്ക് കണ്ണീരോടെ വിദ്യാലയങ്ങള്‍ പിറകില്‍ ഉപക്ഷേച്ചു പോരേണ്ടി വരില്ലായിരുന്നു. ഞങ്ങള്‍ ഇരുട്ടത്ത് മാത്രം പുറത്തിറങ്ങേണ്ടവരാണല്ലോ. ഭരണഘടന ഉറപ്പ് നല്‍കുന്ന എല്ലാ അവകാശങ്ങളും ഞങ്ങള്‍ക്കു കൂടിയുള്ളതാണ്. ഞങ്ങള്‍ ഞങ്ങളുടേതെന്നു പറയുന്നയിടങ്ങള്‍ അവരുടേതുമാണ്. രാത്രിയും പകലും സ്വാതന്ത്ര്യവും ചിരിക്കാനും നടക്കാനും അവകാശം അവര്‍ക്കു കൂടിയുണ്ട്. കോടതികളും നിയമങ്ങളും നയങ്ങളുമൊക്കെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കൂടുതല്‍ സഹായകരമായി വന്നിട്ടുണ്ട്. അതുപോലെ തന്നെ സമൂഹത്തിലെ ഒരു വിഭാഗം പ്രത്യേകിച്ച് പുതിയ തലമുറ അവര്‍ക്കൊപ്പം ഇപ്പോള്‍ നിലകൊള്ളുന്നുണ്ട്. കൂടുതലായി പൊതുരംഗത്തേക്ക് വരുന്നു. സ്ത്രീസംഘടനകളും സ്ത്രീപക്ഷവാദികളും ഇപ്പോള്‍ ഇവരെ തിരിച്ചറിയുന്നു. ഇനിയും മാറ്റി നിര്‍ത്തേണ്ടവരല്ല അവര്‍. അവകാശം നമുക്കെല്ലാവര്‍ക്കും ഒരുപോലെയല്ലേ?

പാര്‍ശ്വവല്‍ക്കരിക്കപ്പെടേണ്ടവരല്ല അവര്‍. ആണിനേയും പെണ്ണിനേയും പോലെ അവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. ലിംഗസമത്വം എന്നത് പ്രസംഗങ്ങളിലോ പുസ്തകങ്ങളിലോ മാത്രം ഒതുങ്ങേണ്ടതല്ല. മനുഷ്യന്റെ ചിന്തയില്‍ ഉണ്ടാകേണ്ടതാണ്. ഒരാള്‍ എന്തായി ജനിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല അവരെ ആണായോ പെണ്ണായോ അല്ലെങ്കില്‍ മൂന്നാം ലിംഗക്കാരായോ കണക്കാക്കേണ്ടത്. ഒരാള്‍ അയാളെ മറ്റുള്ളവര്‍ എങ്ങനെ കാണാനാണോ ആഗ്രഹിക്കുന്നത് അതായിരിക്കണം അയാളുടെ സ്വത്വം.

ശരീരം മനസ്സിനോട് ഏറ്റുമുട്ടുന്ന നിസ്സഹായരായ കുറേ ജീവിതങ്ങളുടെ കഥ. ആണ്‍ ശരീരത്തിനുള്ളിലെ ഒരു പെണ്‍ മനസ്സിന്റെ വീര്‍പ്പുമുട്ടലുകള്‍, താനൊരു പെണ്ണാണെന്നു തിരിച്ചറിയുമ്പോള്‍ ഉരുത്തിരിയുന്ന നിസ്സഹായത, സമൂഹത്തില്‍ നിന്നും സ്വന്തം കുടുംബത്തിനുള്ളില്‍ നിന്നും നേരിടേണ്ടി വരുന്ന എതിര്‍പ്പുകള്‍, കളിയാക്കലുകള്‍. ജീവിതം അവസാനിപ്പിക്കണം എന്ന തീവ്രമായ ആഗ്രഹത്തില്‍ നിന്നും അതിശക്തമായ് ജീവിതത്തെ സ്നേഹിച്ച് കൊണ്ട് തിരിച്ചുവന്ന കഥ. തന്റെ പുരുഷ ശരീരത്തിലെ പെണ്മനസ്സിനെ കണ്ടെത്തിയ ഓരോ ട്രാന്‍സ്ജെന്‍ഡറിനും കൂട്ടുകാര്‍ ഒന്‍പത് എന്നു വിളിച്ച് കളിയാക്കിയിരുന്ന കറുത്ത ഭൂതകാലമുണ്ടായിരുന്നു. ഹിജഡകള്‍, അറുവാണിച്ചികള്‍ എന്നൊക്കെ പറഞ്ഞ് നമ്മള്‍ മുഖം തിരിച്ച് കളയുന്ന മൂന്നാമത്തെ വര്‍ഗ്ഗം. ദാരിദ്ര്യവും അവഗണനയും മൂലം വേശ്യാവൃത്തിയും ഭിക്ഷാടനവും തൊഴിലാക്കിയ ഒരു സമൂഹം. വിദ്യാഭ്യാസമില്ല ജോലിയുമില്ല, നാട്ടിലെ ഒരു നിയമങ്ങളിലും ഇവരെ സഹായിക്കാന്‍ പഴുതുകളില്ല. ഇതിനെല്ലാം ഇന്ന് ഒരുപരിധി വരെ മാറ്റം വന്നിരിക്കുന്നു. അവര്‍ തങ്ങളുടെ സ്വത്വത്തെ തിരിച്ചറിഞ്ഞു എന്നത് തന്നെയാണ് അതിന് മുഖ്യകാരണം. ഞാന്‍ അവനോ അവളോ അല്ല, നിങ്ങള്‍ വിളിക്കുന്ന ഒമ്പതോ അറുവാണിച്ചോ ഹിജഡയോ ശിഖണ്ഡിയോ അല്ല, പകരം ഞാന്‍ ഞാനാണ് എന്ന് അവര്‍ക്കിപ്പോള്‍ ഉറക്കെ പ്രതികരിക്കാനറിയാം. അതിന് പ്രാപ്തരാക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് തമാര അദ്രിയാന്‍ ആണ്.

തമാര സിനിമ കഴിഞ്ഞ് പത്മനാഭ തീയേറ്ററില്‍ നിന്നിറങ്ങിയപ്പോള്‍ ശീതളിനൊപ്പം ഒരു കൂട്ടം ട്രാന്‍സ് ജെന്‍ഡര്‍ സുഹൃത്തുക്കളുണ്ടായിരുന്നു. അനുഭവിച്ചതൊക്കൊയും അഭ്രപാളിയില്‍ കണ്ട് അവരുടെ മുഖത്ത് എന്തൊക്കോ തളം കെട്ടി നിന്നിരുന്നു. സെല്‍ഫി എടുത്ത് തിരിച്ച് മടങ്ങുമ്പോള്‍ ഈ ലോകത്ത് ഇനിയും തിരുത്തപ്പെടാന്‍ ഒരുപാടുണ്ടെന്ന് എന്നെ ഓര്‍മപ്പെടുത്തി. തീയേറ്ററില്‍ സിനിമയ്ക്ക് കിട്ടിയ കയ്യടിയില്‍ കുപ്പിവളകളുടെ താളമുണ്ടായിരുന്നു. പിന്നെ തീയേറ്ററിന്റെ ആരവങ്ങളില്‍ ആരും കേള്‍ക്കാതെ പോയതും അവരുടെ കണ്ണുനീരായിരുന്നു.