ഇംഗ്ലണ്ടിനെ മുട്ടു കുത്തിച്ച് ഇന്ത്യക്ക് ഇന്നിംഗസ് വിജയം; ഇന്ത്യയ്ക്ക് തുടര്‍ച്ചയായി അഞ്ചാം ടെസ്റ്റ് പരമ്പര; ആ നേട്ടവും കോഹ്‌ലിയുടെ നേതൃത്വത്തില്‍

single-img
12 December 2016

 

4th-test

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ചിറകിലേറി ടീം ഇന്ത്യയ്ക്ക് വീണ്ടും വിജയം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരവും ഇന്ത്യ ജയിച്ചു. സ്പിന്നര്‍ അശ്വിന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശതിരയിളക്കിയ താരമായി മാറിയിരിക്കുകയാണ്. അശ്വിന്‍ പന്തുകളില്‍ മായജാലം കാട്ടിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം. നാലാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 36 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങള്‍ ജയിച്ച ആതിഥേയര്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

231 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡിന് മറുപടിയുമായി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ 195 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ചാം ദിനം 182ന് ആറ് എന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് നിര കളി തുടങ്ങി ഏഴ് ഓവര്‍ പിന്നിടും മുമ്പേ തിരിച്ചു കയറി. അതും 13 റണ്‍സ് നേടുന്നതിനിടെ. അവരുടെ ആറ് വിക്കറ്റുകള്‍ നഷ്ടമായത് കേവലം 15 റണ്‍സിനിടെയാണ് എന്നതാണ് ഏറെ കൗതുകം. ആറ് വിക്കറ്റുകള്‍ എടുത്ത് അശ്വിനാണ് ഇംഗ്ലണ്ട് ബാറ്റിങ്ങ് നിരയെ തകര്‍ത്തത്. രണ്ടിന്നിംഗ്സുകളിലൂമായി 12 വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയത്. മാത്രമല്ല ടെസ്റ്റില്‍ ഇരുപത്തിനാലാം തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ നേട്ടം സ്വന്തമാക്കുന്നത്.

ആദ്യ ഇന്നിംഗ്സില്‍ 400 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്നിംഗ്സ് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു ഇംഗ്ലണ്ടിന്റെ ചുണകുട്ടികള്‍. ഒന്നാം ഇന്നിംഗ്സില്‍ 631 റണ്‍സ് ആയിരുന്നു ഇന്ത്യന്‍ സ്‌കോര്‍. ഡബിള്‍ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്‌ലിയുടെയും കന്നി സെഞ്ച്വറി നേടിയ ജയന്ത് യാദവിന്റെയും എട്ടാം വിക്കറ്റ് കൂട്ടുകെട്ടും മുരളി വിജയ്‌ക്കൊപ്പം(136) കോഹ്‌ലി നേടിയ 116 റണ്‍സിന്റെ കൂട്ടുകെട്ടുമാണ് ഇത്ര ശക്തമായ സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.

തുടര്‍ച്ചയായി ഇന്ത്യ നേടുന്ന അഞ്ചാം ടെസ്റ്റ് പരമ്പര വിജയമാണ് ഇത്. കൂടാതെ ടെസ്റ്റില്‍ തോല്‍വിയറിയാതെയുള്ള 17-ാം ടെസ്റ്റ് മത്സരവും. 2015ല്‍ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായി നേടിയ ടെസ്റ്റ് പരമ്പര ജയത്തോടെയാണ് ജൈത്രയാത്ര ആരംഭിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം തോറ്റിട്ടും 2-1ന് സീരീസ് പിടിച്ചെടുത്ത ടീം ഇന്ത്യ പിന്നീട് സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഫ്രീഡം ട്രോഫിയിലെ നാല് മത്സരങ്ങളുടെ പരമ്പര 3-0നും വെസ്റ്റ് ഇന്‍ഡീസിനെതിരായ നാല് മത്സരങ്ങളുടെ പരമ്പര 2-0നും സ്വന്തമാക്കിയപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി.

ഇതിന് മുമ്പ് ഇന്ത്യ തുടര്‍ച്ചയായി അഞ്ച് ടെസ്റ്റ് പരമ്പരകള്‍ നേടിയിട്ടുള്ളത് 2008 മുതല്‍ 2009 വരെയാണ്. ഇതില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോര്‍ഡര്‍ ഗസ്‌കര്‍ ട്രോഫിയില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. എന്നാല്‍ നാല് മത്സരങ്ങളുള്ള ആ പരമ്പരയില്‍ അവസാന ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് മഹീന്ദ്രസിംഗ് ധോണിയും. പിന്നീട് തുടര്‍ച്ചയായി നാല് ടെസ്റ്റ് പരമ്പരകളില്‍ ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ജയിച്ച് കയറി. അങ്ങനെ നോക്കിയാല്‍ സമ്പൂര്‍ണമായും ഇന്ത്യയെ ഏറ്റവുമധികം തുടര്‍ച്ചയായ പരമ്പ നേട്ടങ്ങളിലെത്തിച്ച ക്യാപ്റ്റനെന്ന നേട്ടവും ഇനി കോഹ്‌ലിക്ക് സ്വന്തം.