ചലച്ചിത്ര മേള സജീവമായി; മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു

single-img
10 December 2016

iffk-inauguration

മുഴുവന്‍ നേരവും ചലച്ചിത്ര പ്രദര്‍ശനവും ഇരുപത്തിയൊന്നാമത് ചലച്ചിത്ര മേള സജീവമായി. മേളയില്‍ മത്സരവിഭാഗത്തിലുള്ള ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്ന് രാവിലെ ആരംഭിച്ചിരിക്കുകയാണ്.

മേളയുടെ ആദ്യ ദിനങ്ങളില്‍ തന്നെ അവധി ദിവസവും വന്നെത്തിയതിനാല്‍ തലസ്ഥാന നഗരത്തിന് പുറത്തു നിന്നുള്ളവരുടെയും തിരക്ക് ഇന്നും നാളെയുമുണ്ടാകും. രാവിലെ 11.30ന് ടാഗോര്‍ തിയറ്ററില്‍ പ്രദര്‍ശനം ആരംഭിച്ച കോള്‍ഡ് ഓഫ് കലണ്ടര്‍ എന്ന തുര്‍ക്കി ചിത്രത്തോടെയാണ് മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. 134 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം വടക്കന്‍ തുര്‍ക്കിയിലെ മഞ്ഞുമൂടിയ മലനിരകളില്‍ ജീവിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് വിവരിക്കുന്നത്.

കോള്‍ഡ് ഓഫ് കലണ്ടര്‍ എന്ന ചിത്രത്തില്‍ നിന്നും

കോള്‍ഡ് ഓഫ് കലണ്ടര്‍ എന്ന ചിത്രത്തില്‍ നിന്നും

പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ജീവിക്കുമ്പോഴും തന്റെ സ്വപ്‌നങ്ങളെ പിന്തുടരുകയാണ് ഇതിലെ കഥാനായകന്‍. ദാരിദ്ര്യത്തിന്റെയും യാതനകളുടെയും ലോകം പര്‍വത ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ അഭ്രപാളികളിലെത്തുകയാണ് ഇവിടെ. ഇസ്താംബുള്‍ ചലച്ചിത്രോത്സവത്തില്‍ നാല് പുരസ്‌കാരങ്ങളാണ് ഈ ചിത്രം നേടിയത്. മുസ്തഫ കാര സംവിധാനം ചെയ്ത ഈ ചിത്രത്തെ കേരളത്തിലെ ചലച്ചിത്രോത്സവത്തില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്താനിടയുള്ള ചിത്രമെന്നാണ് സിനിമാ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഉച്ചയ്ക്ക് 2.15ന് ടാഗോര്‍ തിയറ്റില്‍ തന്നെ പ്രദര്‍ശിപ്പിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ചിത്രമായ സിങ്ക് ആണ് ഇന്ന് മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന രണ്ടാമത്തെ ചിത്രം. ബ്രെറ്റ് മിഖായേല്‍ ഇന്നസിന്റെ സംവിധാനം. 115 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ജോഹനാസ്ബര്‍ഗില്‍ വീട്ടുജോലി ചെയ്ത് ജീവിക്കുന്ന മൊസാംബിക്കുകാരിയായ റേച്ചല്‍ എന്ന സ്ത്രീയുടെ ജീവിതമാണ് ചിത്രം വരച്ചുകാട്ടുന്നത്. ജീവിതത്തില്‍ നിര്‍ണായകമായ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതയാകുന്ന ഇവരുടെ മാനസിക പ്രതിസന്ധികളാണ് ചിത്രത്തിന്റെ ഉള്ളടക്കം. മെക്‌സിക്കോ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ജൂറി ലൈഫ് പുരസ്‌കാരം നേടിയ ചിത്രം അറ്റ്‌ലാന്റോ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും തെരഞ്ഞെടുക്കപ്പെട്ടു.

സിങ്ക് എന്ന ചിത്രത്തില്‍ നിന്നും

സിങ്ക് എന്ന ചിത്രത്തില്‍ നിന്നും

ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷ് ആണ് ഇന്ന് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ചിത്രം. ഈജിപ്ഷ്യന്‍ സംവിധായകരില്‍ ഏറ്റവുമധികം ശ്രദ്ധേയനായി മാറിയിരിക്കുന്ന മൊഹമ്മദ് ഡയബ് സംവിധാനം ചെയ്ത 97 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ടാഗോര്‍ തിയറ്ററില്‍ രാത്രി 8.30ന് പ്രദര്‍ശിപ്പിക്കും. മനുഷ്യത്വത്തെക്കുറിച്ചുള്ള ചലച്ചിത്രമെന്ന് ഇതിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. ചില സിനിമകള്‍ അവ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് തന്നെ ചരിത്രം സൃഷ്ടിക്കും. ക്ലാഷ് അത്തരത്തിലൊരു ചിത്രമാണ്. കാന്‍ ചലച്ചിത്രോത്സവത്തില്‍ ഈ വര്‍ഷം അണ്‍ സേര്‍ട്ടേന്‍ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായിരുന്നു ഇത്.

2013 ജൂലൈയില്‍ മൊഹമ്മദ് മോര്‍സി അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം ഒരു പോലീസ് വാഹനത്തിന് പിന്നാലെയാണ് സഞ്ചരിക്കുന്നത്. ആധുനിക ഈജിപ്തിന്റെ സൂക്ഷ്മജഗത് രൂപം ഈ ചിത്രത്തിലൂടെ ലഭിക്കും. എന്തും എപ്പോഴും സംഭവിക്കാമെന്ന ഭീതിയോടെ ജീവിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡ് അംഗങ്ങളും അവര്‍ക്കൊപ്പം ഇടം പങ്കിടുന്ന സൈന്യത്തെ അനുകൂലിക്കുന്നവരും മനുഷ്യാവകാശ പ്രവര്‍ത്തകരും പുരുഷന്മാരും സ്ത്രീകളും കുട്ടികളുമെല്ലാമുളള കലാപഭരിതമായ ഈജിപ്താണ് ചിത്രത്തില്‍ കാണാനാകുക.

ക്ലാഷ് എന്ന ചിത്രത്തില്‍ നിന്നും

ക്ലാഷ് എന്ന ചിത്രത്തില്‍ നിന്നും

ലോക സിനിമകള്‍, കെന്‍ ലോചിന്റെ റെട്രോസ്‌പെക്ടീവ്, കുടിയേറ്റ ചിത്രങ്ങളുടെ വിഭാഗമായ മൈഗ്രേഷന്‍ ഫിലിംസ്, റീസ്റ്റോര്‍ഡ് ക്ലാസിക് സിനിമ, ജെന്‍ഡര്‍ ബന്‍ഡര്‍, കെ എസ് സേതുമാധവന്‍ റെട്രോസ്‌പെക്ടീവ്, ഹോമേജ് വിഭാഗം, സമകാലിക മലയാളം സിനിമ, കസാക്കിസ്ഥാനില്‍ നിന്നുള്ള സിനിമകളുടെ വിഭാഗമായ കണ്‍ട്രി ഫോക്കസ്, ഫ്രഞ്ച് സംവിധായകനായ മിയ ഹന്‍സെന്‍ ലവിന്റെ ചിത്രങ്ങള്‍, സമകാലിക ഇന്ത്യന്‍ സിനിമ, ലൈഫ് ഓഫ് ആര്‍ടിസ്റ്റ്‌സ് തുടങ്ങിയ വിഭാഗങ്ങളും ഇന്ന് പ്രദര്‍ശനത്തിനുണ്ട്.