ചുവപ്പു കാര്‍ഡ് ഇനി ക്രിക്കറ്റിലും

single-img
8 December 2016

10redcardമുംബൈ: ഫുട്‌ബോള്‍ മത്സരങ്ങളില്‍ ചുവപ്പുകാര്‍ഡ് വാങ്ങി താരങ്ങള്‍ പുറത്തു പോവുന്നത് നാം പലപ്പോഴും കാണാറുണ്ട്. കളിക്കിടയില്‍ എതെങ്കിലും തരത്തില്‍ അക്രമണങ്ങള്‍ പുറത്തെടുക്കുകയാണെങ്ങില്‍ ചുവപ്പ് കാര്‍ഡ് കാണിച്ച് താരത്തിനെ പുറത്താക്കാന്‍ റഫറിക്ക് കഴിയും. എന്നാല്‍ ചുവപ്പു കാര്‍ഡ് കൊടുത്ത് പുറത്താക്കുന്നത് സാധാരണയായി ഫുഡ്‌ബോള്‍ മത്സരങ്ങളില്‍ മാത്രമായിരുന്നു. എന്നാല്‍ ഇനി മുതല്‍ അത് ക്രിക്കറ്റിലും ഉണ്ടാവും.

70700307-0006-0002-0893-000012345678-1455170700696ഓസീസും കിവീസും തമ്മില്‍ നടന്ന ആദ്യ ട്വന്റി-ട്വന്റി മത്സരത്തില്‍ ന്യൂസിലന്റ് അമ്പയര്‍ ബില്ലി ബൗഡന്‍ ഉയര്‍ത്തിയ ചുവപ്പ് കാര്‍ഡിനെ ക്രിക്കറ്റ് ആരാധാകര്‍ പെട്ടെന്ന് ഒന്നും മറക്കാന്‍ സാധ്യതയില്ല. അണ്ടര്‍ ആം ബോളിങ്ങിനെ തുടര്‍ന്ന് അന്ന് ബില്ലി ബൗഡന്‍ പരിഹാസ രൂപേണ ഗ്ലെന്‍ മഗ്രാത്തിന് നേരെ ഉയര്‍ത്തിയ ചുവപ്പ് കാര്‍ഡ് ഇനി യാഥ്യാര്‍ത്ഥ്യമാകും.

2017 ഒക്ടോബര്‍ 1 മുതല്‍ ഫുട്‌ബോളില്‍ എന്ന പോലെ ചുവപ്പ് കാര്‍ഡിലൂടെ കളിക്കാരനെ കളത്തില്‍ നിന്നും പുറത്താക്കാന്‍ ക്രിക്കറ്റ് അമ്പയര്‍ക്കും അധികാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എംസിസി വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയാണ് ഇത് സംബന്ധമായ ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നത്.

മത്സരത്തിനിടെ അമ്പയറെ ഭീഷണിപ്പെടുത്തുക, കളിക്കാര്‍ തമ്മില്‍ ശാരീരികമായി നേരിടുക, അമ്പയറെ ശാരീരികമായി നേരിടുക എന്നിവയുള്‍പ്പെടുന്ന ഏത് അക്രമ
സാഹചര്യത്തിലും ചുവപ്പ് കാര്‍ഡ് പുറത്തെടുക്കാന്‍ അമ്പയര്‍ക്ക് സാധിക്കും.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ചേര്‍ന്ന മെരിലെബോണ്‍ ക്രിക്കറ്റ് ക്ലബ് (എംസിസി) വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി ചേര്‍ന്ന യോഗത്തിലാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഈ ശുപാര്‍ശകള്‍ എംസിസി മെയിന്‍ കമ്മിറ്റി അംഗീകരിക്കുന്നതോട് കൂടി നിയമം പ്രാബല്യത്തില്‍ വരും. ലണ്ടനിലെ ലോര്‍ഡ്സ് ആസ്ഥാനമായുള്ള എംസിസിയാണ് ക്രിക്കറ്റ് നിയമങ്ങള്‍ തീരുമാനിക്കുന്നതും അംഗീകരിക്കുന്നതും.

മാത്രമല്ല വിവിധ രൂപകല്പനയിലുള്ള ബാറ്റുകളുടെ ഉപയോഗം തടയുന്നതിനും നടപടികള്‍ സ്വീകരിച്ചേക്കും. നിലവില്‍ വ്യത്യസ്ത മാനദണ്ഡങ്ങളിലുള്ള ബാറ്റുകളാണ് ബാറ്റ്സ്മാന്‍മാര്‍ ഉപയോഗിച്ച് വരുന്നത്. ഇതിലൂടെ ബാറ്റ്സ്മാന്‍മാര്‍ക്ക് പലപ്പോഴും മത്സരത്തില്‍ ആധിപത്യം നേടുന്നുണ്ടെന്ന് വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി നിരീക്ഷിച്ചു.