ജയലളിതയുടെ പിന്‍ഗാമിയാകാന്‍ നടന്‍ അജിത്ത് രാഷ്ട്രീയത്തിലേക്ക്..?

single-img
6 December 2016
ajith-jayalalitha-blivenews-com_ചെന്നൈ:തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തോടെ എ.ഐ.എ.ഡി.എം.കെ നേരിടുന്ന നേതൃത്വ പ്രതിസന്ധി പരിഹരിക്കാന്‍ സൂപ്പര്‍താരം അജിത്ത് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ജയയുടെ മരണത്തിന് പിന്നാലെ പനീര്‍സെല്‍വം തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും ജയയുടെ വ്യക്തിപ്രഭാവത്തിന്റെ അടുത്തെങ്ങും എത്താന്‍ ശേഷിയില്ലാത്ത നേതാവാണ് പനീര്‍സെല്‍വം. അതുകൊണ്ടു തന്നെ താരപ്രഭാവമുള്ള ഒരാള്‍ പാര്‍ട്ടിയുടെ തലപ്പത്ത് ഉണ്ടാകണമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ജയലളിത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഒക്ടോബറില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമായതായാണ് സൂചന. ഒരു കന്നഡ പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി അജിത്തിനെ ജയ തീരുമാനിച്ചുവെന്നും പാര്‍ട്ടി നേതൃത്വത്തിനും ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നുമായിരുന്നു പത്രത്തിന്റെ റിപ്പോര്‍ട്ട്.
ജയലളിതയുമായി വ്യക്തിബന്ധം പുലര്‍ത്തുന്ന നടനാണ് അജിത്ത്. തന്റെ വിവാഹത്തിന് ജയ പങ്കെടുത്തത് മറക്കാനാകില്ലെന്ന് ചില അഭിമുഖങ്ങളില്‍ അജിത്ത് പറഞ്ഞിട്ടുണ്ട്. സ്വന്തം മകനെപ്പോലെയാണ് ജയ തന്നെ സ്നേഹിച്ചതെന്നും അജിത് പറഞ്ഞിട്ടുണ്ട്.1987ല്‍ എം.ജി.ആറിന്റെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി നേരിട്ട സമാനമായ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. അന്ന് എം.ജി.ആറിന്റെ അഭാവം നികത്തിയത് ജയലളിതയുടെ താരപ്രഭാവമായിരുന്നു. ഇന്ന് ജയയുടെ അസാന്നിധ്യത്തില്‍ പാര്‍ട്ടിയെ പിടിച്ചു നിര്‍ത്താന്‍ അജിത് എത്തുമോ എന്നാണ് തമിഴ് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
ഈ രണ്ട് നേതാക്കളുമായി അജിത്തിന് മറ്റൊരു സാമ്യം കൂടിയുണ്ട്. മൂന്ന് പേരും സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരാണ്. എം.ജി.ആര്‍ മലയാളിയായിരുന്നു. ജയലളിത തമിഴ് ബ്രാഹ്മണ കുടുംബാംഗമാണെങ്കിലും കര്‍ണാടകയിലാണ് അവര്‍ ജനിച്ചത്. അജിത്തും തമിഴ് ബ്രാഹ്മണനാണ്. എന്നാല്‍ അദ്ദേഹം ജനിച്ചു വളര്‍ന്നത് ആന്ധ്രയിലാണ്.കലയെയും രാഷ്ട്രീയത്തെയും ജയലളിത ഒരു പോലെ സ്‌നേഹിച്ചു.