രാജ്യത്ത് ഭിക്ഷക്കാര്‍ ഉണ്ടെന്ന് അഭിമാനത്തോടെ പറയുന്ന ആദ്യ രാഷ്ട്രത്തലവന്‍ ഇതായിരിക്കും;

single-img
4 December 2016

namo

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും ഒരു വെപ്രാളത്തിലാണെന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ സമൂഹം പറയുന്നത്. കാരണം വിളിച്ചുപറയുന്ന വിവരക്കേടുകള്‍ അത്രമാത്രമാണ്.

രാജ്യത്തെ ജനസംഖ്യ കൂടുതലായതിനാലാണ് ഇവിടെ ക്യൂവിന്റെ നീളവും കൂടുന്നതെന്ന ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് പുതിയ വിവാദ പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഭിക്ഷക്കാര്‍ പോലും സൈ്വപ് മിഷിയന്‍ ഉപയോഗിക്കുമെന്ന മോഡിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി നിറയുന്നത്. മൊറാദാബാദില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് എല്ലാവരും ഡിജിറ്റല്‍ ആകണമെന്നും ഭിക്ഷക്കാര്‍ പോലും സൈ്വപ് യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്നും മോഡി പറയുന്നത്.

എന്നാല്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റുകള്‍ അല്ലാതെ ഭിക്ഷക്കാരും ദരിദ്രരും ഇല്ലാത്ത ഒരു രാജ്യം പ്രധാനമന്ത്രി ആഗ്രഹിക്കുന്നുണ്ടോയെന്നതാണ് ഈ പ്രസ്താവനയോട് ആദ്യം ചോദിക്കേണ്ട മറു ചോദ്യം. കടത്തില്‍ ജനിച്ച്, കടത്തില്‍ ജീവിച്ച്, കടത്തില്‍ മരിക്കാന്‍ വിധിക്കപ്പെട്ട ഇവിടുത്തെ കര്‍ഷകര്‍ക്ക് എന്തെങ്കിലും പ്രതീക്ഷ ഇനിയും പ്രധാനമന്ത്രിക്ക് കൊടുക്കാന്‍ സാധിക്കുമോ എന്നും അറിയേണ്ടതുണ്ട്.

പ്രധാനമന്ത്രി പറഞ്ഞ കാര്‍ഡ് ഉപയോഗിച്ച് നമുക്കെന്തും വിപണിയില്‍ നിന്നും വാങ്ങാം. പക്ഷെ യാത്രക്കിടയില്‍ കണ്ടുമുട്ടുന്ന ഓട്ടോ ഡ്രൈവര്‍ക്കും ലോട്ടറി കച്ചവടക്കാരനും കപ്പലണ്ടി വില്‍ക്കുന്നയാള്‍ക്കും ഈ കാര്‍ഡ് കൊടുക്കാന്‍ സാധിക്കുമോ എന്ന് പ്രധാനമന്ത്രി വ്യക്തമായും ഉത്തരം പറയണം. ഈ സേവനങ്ങളെല്ലാം ജനങ്ങള്‍ ഉപയോഗിക്കുന്നത് അവര്‍ക്ക് അത് അത്യാവശ്യമായത് കൊണ്ട് മാത്രമല്ല, പകരം പ്രധാനമന്ത്രി പറഞ്ഞ യാചകരുടെ ഗണത്തിലില്ലാത്ത അതായത് ആത്മാഭിമാനത്തോടെ ജീവിക്കുന്ന ഒരു സമൂഹത്തെ മുന്നില്‍ കാണാന്‍ കൂടിയാണ്. യാചിക്കാതെ സ്വന്തം ജീവിതം മുന്നോട്ട് നീക്കുന്ന ഓരോ ജീവിതങ്ങളെയും അവഹേളിക്കല്‍ കൂടിയാണ് ഇത്.

ലോട്ടറി ടിക്കറ്റിനോട് ഭ്രമമില്ലാത്തവര്‍ അത് വാങ്ങുന്നതും ട്രെയിനിലും ഫുട്പാത്തിലും വില്‍ക്കുന്ന മുഷിഞ്ഞതെന്ന് വ്യക്തമാകുന്ന വസ്ത്രങ്ങള്‍ പോലും പലരും വാങ്ങുന്നതും അതിനോടുള്ള ഇഷ്ടം കൊണ്ടല്ല. പകരം ഒരാളുടെ അധ്വാനത്തോട് ഓരോ മനുഷ്യനും നല്‍കുന്ന ആദരവ് കൂടിയാണ് അത്. ഇടനിലക്കാരുടെ കൊള്ളയടി സഹിക്കാനാകാതെ പല സംസ്ഥാനങ്ങളിലും സ്ത്രീകളും കുട്ടികളും പച്ചക്കറികളും പഴങ്ങളുമായി റോഡരികില്‍ ഇരിക്കുന്നത് പ്രധാനമന്ത്രി പറഞ്ഞ സൈ്വപ്പിംഗ് യന്ത്രവുമായല്ല. അവര്‍ക്ക് വേണ്ടത് അന്നന്നത്തെ ജീവിത ചെലവിനുള്ള പണമാണ്. അതോ ഇനി കയ്യിലുള്ളത് കൊണ്ട് ജീവിച്ച് രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാണോ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്.

പ്രധാനമന്ത്രി സ്വപ്‌നം കാണുന്ന നോട്ടുകളില്ലാത്ത ഇന്ത്യ വരുമ്പോള്‍ ഈ പാവപ്പെട്ടവര്‍ എന്ത് ചെയ്യണമെന്ന് അദ്ദേഹം പറയുന്നില്ല. ചെറിയ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍, സെക്യൂരിറ്റി ജീവനക്കാര്‍, ഹോട്ടലുകള്‍ക്ക് മുന്നില്‍ ബോര്‍ഡും പിടിച്ച നില്‍ക്കുന്നവര്‍ ഇവരെല്ലാം അനുകമ്പയുള്ള മനുഷ്യരുടെ ടിപ്പ് കൂടി ഉപയോഗിച്ചാണ് ജീവിക്കുന്നത്. സൈ്വപ്പിംഗ് മെഷിയനും കൊണ്ട് നടന്ന് ടിപ്പി പിരിക്കാനുള്ള സൂത്രവാക്യം കൂടിയാണ് ഇവിടെ ഭിക്ഷക്കാരുടെ കയ്യിലും അതേ യന്ത്രം പിടിപ്പിച്ചു കൊടുത്ത പ്രധാനമന്ത്രി പറഞ്ഞു തരേണ്ടത്.

പബ്ലിക് ടോയ്‌ലെറ്റില്‍ ഒരു രൂപയ്ക്ക് മൂത്രമൊഴിക്കാന്‍ പോകാനും താങ്കള്‍ ഈ പറഞ്ഞ സൈ്വപിംഗ് യന്ത്രം ഉപയോഗിക്കണമോയെന്ന് ദയവായി പറഞ്ഞു തരണം മിസ്റ്റര്‍ നരേന്ദ്ര മോഡി. ട്രെയിനിലും ബസുകളിലും കപ്പലണ്ടി മുട്ടായിയുമായി വരുന്ന കച്ചവടക്കാരോടും വയറ്റത്തടിച്ച് പാടുന്ന അനാഥ കുഞ്ഞുങ്ങളോടും ഞങ്ങള്‍ എന്ത് പറയണം. ‘അച്ഛേ ദിന്‍ ആഗയ’ എന്നോ?

ഭിക്ഷക്കാരുടെ കൈവശം പോലും സൈ്വപ്പിംഗ് യന്ത്രങ്ങള്‍ ഉണ്ടെന്ന് പറയുന്ന നരേന്ദ്ര മോഡി എന്തുകൊണ്ട് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള റെയില്‍വേ പോലുള്ള സ്ഥാപനങ്ങളില്‍ കഴിഞ്ഞ ഇരുപത് ദിവസമായിട്ടും ഇപ്പറഞ്ഞ സൈ്വപ്പിംഗ് യന്ത്രങ്ങള്‍ സ്ഥാപിച്ചില്ല.

ഇന്ത്യയെ അധികം വൈകാതെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റും എന്ന പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി എന്താണ് ഉദ്ദേശിക്കുന്നത്. അതി സമ്പന്നരല്ലാത്ത എല്ലാ ജനങ്ങളും ഈ ഭൂമുഖത്ത് നിന്നുതന്നെ ഇല്ലാതാകണം എന്നാണോ? ഇത് അവസാനത്തെ ക്യൂവാണെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത് കേട്ടു. കഴുത്തറ്റം മുങ്ങുന്നവന്റെ അവസാന വാക്കുകളായി ആദ്യം കേട്ടെങ്കിലും ഇപ്പോള്‍ ആശങ്കയുണ്ട് ഒരു ജനതയെ മുഴുവന്‍ പട്ടിണിക്കിട്ട് കൊന്ന് ഭരിക്കാനാണോ ഈ ഭരണാധികാരിയുടെ ശ്രമമെന്ന്.