ഇന്നലെയും ഇന്നും നാഗ്പൂരിലേക്കുള്ള വിമാന ടിക്കറ്റുകളൊന്നും ലഭ്യമല്ല; കാരണം നിഥിന്‍ ഗട്ക്കരിയുടെ മകളുടെ വിവാഹമാണ്!

single-img
4 December 2016

gadkari-759

പഴയ ഒരു തമാശയുണ്ട്. വീട്ടില്‍ വിവാഹമാണ്, പക്ഷെ കയ്യില്‍ കാശില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഈ തമാശ ഇന്ത്യയിലെ ഓരോ ജനങ്ങള്‍ക്കും ജീവിത യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

അതേസമയം കേന്ദ്രമന്ത്രി നിഥിന്‍ ഗട്കരിയുടെ മകളുടെ വിവാഹ മാമാങ്കമാണ് ഇന്ന്. കേരളത്തില്‍ അടൂര്‍ പ്രകാശിന്റെയും ബിജു രമേശിന്റെയും മക്കളുടെ വിവാഹാഘോഷങ്ങള്‍ കൊണ്ടാടുന്നത് പോലെ തന്നെ അത്യന്തം ആര്‍ഭാഡത്തോടെയാണ് ഗട്ക്കരി തന്റെ മകളുടെ വിവാഹവും ആഘോഷിക്കുന്നത്. എന്നാല്‍ എന്തെങ്കിലും ആവശ്യത്തിന് നാഗ്പൂരിലേക്ക് വിമാന യാത്ര ചെയ്യേണ്ടവരുണ്ടെങ്കില്‍ അവരോട് അത് വേണ്ടെന്ന് പറഞ്ഞാണ് ഗട്ക്കരിയുടെ ആഘോഷം.

അമ്പത് ചാര്‍ട്ടേഡ് വിമാനങ്ങളാണ് നാഗ്പൂര്‍ വിമാനത്താവളത്തിലേക്ക് ഈ വിവാഹത്തിന് വേണ്ടി മാത്രം എത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി പ്രസിഡന്റ് അമിത് ഷാ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, രത്തന്‍ ടാറ്റ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരാണ് ഇന്ന് വൈകുന്നേരത്തോടെ നഗരത്തില്‍ പറന്നിറങ്ങാനൊരുങ്ങുന്നത്. വിവിഐപികളുടെ ലിസ്റ്റില്‍ എല്‍കെ അദ്വാനി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ എന്നിവരും ഉള്‍പ്പെടുന്നുണ്ട്.

ഇന്നലെയും ഇന്നും നാഗ്പൂരിലേക്കുള്ള എല്ലാ വിമാന ടിക്കറ്റുകളും റദ്ദ് ചെയ്തിരിക്കുകയായിരുന്നു. അടിയന്തിര ആവശ്യങ്ങള്‍ക്ക് ഇവിടെ എത്തേണ്ടവരെ പോലും വിലക്കിയാണ് മന്ത്രി മകളുടെ വിവാഹം ആഘോഷിക്കുന്നത്. ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍, ചലച്ചിത്ര താരങ്ങളായ ഹേമമാലിനി, അമിതാഭ് ബച്ചന്‍, എന്‍സിപി നേതാവ് ശരത് പവാര്‍, വ്യവസായി കുമാര്‍ മംഗലം ബിര്‍ല എന്നിവരും എത്തുമെന്നാണ് സൂചന.