ഏഷ്യയില്‍ സ്ഥിരതയ്ക്ക് ഭീകരവാദം നിര്‍ത്തേണ്ടത് അത്യാവശ്യമെന്ന് മോഡി; ചൂണ്ടിക്കാണിച്ചത് അഫാഗാനിസ്ഥാനിലെ പ്രശ്‌നങ്ങള്‍

single-img
4 December 2016

modi-ashraf-ghani-golden-temple_650x400_61480782449
അമൃത്‌സര്‍: ഏഷ്യയിലെ സ്ഥിരതയ്ക്ക് ഭീകരവാദം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പാക് വിദേശകാര്യമന്ത്രി കൂടി പങ്കെടുത്ത യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന. അതേസമയം അമൃത്‌സറില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് എഷ്യാ കോണ്‍ഫറന്‍സിന് മുന്നോടിയായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി സര്‍താജ് അസീസുമായും മറ്റു നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

കിര്‍ഗിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, സ്ലോവാക്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. അഫ്ഗാനിസ്ഥാന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് മേഖലയിലെ രാജ്യങ്ങളുടെ കൂട്ടുത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഇന്ത്യയ്ക്കുള്ള താല്‍പര്യത്തെയും ശ്രമങ്ങളെയും ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ അഭിന്ദിച്ചതായും നന്ദി അറിയിച്ചതായും വികാസ് സ്വരൂപ് പറഞ്ഞു.

പാക് വിദേശകാര്യ മന്ത്രി സര്‍താജ് അസീസ് ഞായറാഴ്ച എത്തിച്ചേരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹം ശനിയാഴ്ച തന്നെ അമൃതസറില്‍ എത്തുകയായിരുന്നു. 30 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്കായി പ്രധാനമന്ത്രി ശനിയാഴ്ച പ്രത്യേക വിരുന്ന് നടത്തിയിരുന്നു.