പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചതിന് റിലയന്‍സ് ജിയോ 500 രൂപ പിഴ അടച്ചാല്‍ മതിയാകും

single-img
3 December 2016

_91026178_img_7400ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതിന് റിലയന്‍സ് ജിയോക്ക് 500 രൂപ പിഴ ഈടാക്കി നിയമനടപടികള്‍ അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി വാങ്ങാതെ അദ്ദേഹത്തിന്റെ ചിത്രം അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ പരസ്യത്തിനായി ഉപയോഗിച്ച റിലയന്‍സിന്റെ നടപടി വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ 1950-ലെ നിയമപ്രകാരം പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് പിഴ. ഈ പിഴ ഈടാക്കി റിലയന്‍സ് ജിയോയ്ക്ക് എതിരായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചേക്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ മോദിയുടെ ചിത്രം ഉപയോഗിച്ച സംഭവം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ഇല്ലാതെയാണ് ജിയോ അ
ദ്ദേഹത്തിന്റെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതെന്നും കേന്ദ്ര വാര്‍ത്തവിനിമയ സഹമന്ത്രി രാജ്യവര്‍ധന്‍സിംഗ് റത്തോഡ് നേരത്തെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. സമാജ് വാദി പാര്‍ട്ടി എംപി നീരജ് ശേഖറിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യകമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറാവാന്‍ പ്രധാനമന്ത്രിക്ക് നിയമപരമായി അനുവാദുമുണ്ടോ എന്ന വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച നിരജ് ശേഖര്‍ ചോദിച്ചു. നിലവില്‍ ഇതേക്കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ രാജ്യവര്‍ധന്‍സിംഗ് റത്തോഡ് വിഷയം ഉപഭോക്തൃകാര്യമന്ത്രാലയം പരിശോധിച്ചു വരികയാണെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും മറുപടി നല്‍കി.

നിയമപ്രകാരം ചില പ്രത്യേക വ്യക്തികളുടെ പേരും ഔദ്യോഗിക ചിഹ്നങ്ങളും സര്‍ക്കാര്‍ അനുമതി കൂടാതെ പരസ്യത്തിനായി ഉപയോഗിക്കാന്‍ പാടില്ല. ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവര്‍ണര്‍, ഇന്ത്യ സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഐക്യരാഷ്ട്രസഭ, അശോകചക്ര- ധര്‍മചക്ര മുദ്രകള്‍ തുടങ്ങി 36-ഓളം പേരുകളും ചിഹ്നങ്ങളും സര്‍ക്കാര്‍ അനുമതി കൂടാതെ പരസ്യത്തിനായി ഉപയോഗിക്കാന്‍ പാടില്ല.

റിലയന്‍സ് ജിയോ കൂടാതെ ഇ-വാലറ്റ് കമ്പനിയായ പേയ്ടിഎമ്മും നോട്ട് അസാധുവാക്കപ്പെട്ടതിന് പിറ്റേന്ന് മോദിയുടെ ചിത്രം വച്ച് പരസ്യം നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ സ്വകാര്യകമ്പനികള്‍ പരസ്യത്തിനായി ഉപയോഗിക്കുന്നതില്‍ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.