മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരനായ കെ എസ് ആര്‍ ടിസി കണ്ടക്ടറെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടു

single-img
3 December 2016

1383302469_cmattackമുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരനെന്ന് കണ്ട കെ എസ് ആര്‍ ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്നും പുറത്താക്കി. തലശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ സി ഹരീന്ദ്രനെയാണ് സര്‍വീസില്‍ നിന്നും പുറത്താക്കി കെ എസ് ആര്‍ ടി സി എം ഡി ഉത്തരവ് പുറത്തിറക്കിയത്.2013 ഒക്ടോബര്‍ 27 നാണ് സംഭവം നടന്നത്. കണ്ണൂരില്‍ കേരളാ പോലീസിന്റെ ആനുവല്‍ അത്ലറ്റിക് മീറ്റ് സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്ന് ഉമ്മന്‍ ചാണ്ടിക്ക് പരിക്കേറ്റിരുന്നു. മുഖ്യമന്ത്രിയുടെ നെറ്റിയില്‍ ചെറിയ മുറിവേല്‍ക്കുകയും നെഞ്ചില്‍ കല്ലേറ് കൊണ്ട് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഒരു ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

സംഭവം നടക്കുമ്പോള്‍ തലശ്ശേരി ഡിപ്പോയില്‍ കണ്ടക്ടറായിരുന്നു ഹരീന്ദ്രന്‍. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായിരുന്ന ഹരീന്ദ്രനെ അന്ന് സസ്പെന്റ് ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയായി കുറ്റക്കാരനാണെന്ന് കണ്ടതോടെയാണ് സര്‍വീസില്‍ നിന്നും പുറത്താക്കിയത്.