സ്‌കൂള്‍ കായിക മാമാങ്കത്തിന് തിരിതെളിഞ്ഞു; ആദ്യദിനം നാലു സ്വര്‍ണ്ണവുമായി എറണാകുളവും പാലക്കാടും ഒപ്പത്തിനൊപ്പം

single-img
3 December 2016
ദേശീയ റെക്കോഡ് മറികടന്ന സി ബബിത

ദേശീയ റെക്കോഡ് മറികടന്ന സി ബബിത

മലപ്പുറം: പൊടി പാറുന്ന സ്‌കൂള്‍ കായികമാമാങ്കത്തിന് തുടക്കമായി. ആവേശ പോരാട്ടം മനസിലുറപ്പിച്ച് മൈതാനത്തേക്കിറങ്ങുന്ന കുട്ടി കൊമ്പന്മാരെല്ലാം നാളത്തെ ഇന്ത്യയുടെ വാഗ്ദാനങ്ങളായി പിറവിയെടുക്കട്ടെന്ന് നമുക്കാശംസിക്കാം. ഭാവി താരങ്ങളെ തീരുമാനിക്കുന്ന കായികമേള ഇത്തവണ മുതല്‍ കായികോത്സവം എന്ന പേരിലേക്ക് മാറ്റിയിരിക്കുകയാണ്.

60 മാത്തെ കായികമേളയാണ് തേഞ്ഞിപ്പാലം സര്‍വകലശാലയുടെ മൈതാനത്ത് നടക്കുന്നത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി 2581 വിദ്യാര്‍ത്ഥികള്‍ 95 ഇനങ്ങളിലായി കായികോത്സവത്തില്‍ മാറ്റുരയ്ക്കാനായി തയ്യറായിരിക്കുകയാണ്. കായിക മേളയുടെ ആദ്യ ദിനത്തില്‍ മെഡല്‍ നേട്ടത്തില്‍ എറണാകുളവും പാലക്കാടും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. കായികോത്സവത്തിലെ ആദ്യ സ്വര്‍ണ ജേതാവ് എറണാകുളം മാര്‍ ബേസിലിലെ ബിബിന്‍ ജോര്‍ജായിരിന്നു. നാല് പോയിന്റ് വ്യത്യാസത്തില്‍ ഇരു ജില്ലകളും നാല് സ്വര്‍ണം വീതം നേടി.

മൂന്ന് മീറ്റ് റെക്കോര്‍ഡുകളാണ് ഇതുവരെ മത്സരത്തില്‍ പിറന്നത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ എറണാകുളത്തിന്റെ അമല്‍ ടി രാഘവും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടില്‍ മേഘ മറിയം മാത്യുവും മീറ്റ് റെക്കോര്‍ഡ് നേടിയപ്പോള്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന് പ്രകടനത്തോടെ പാലക്കാടിന്റെ ബബിത സി മീറ്റിന്റെ ആദ്യദിനത്തിലെ താരമായി. സീനിയര്‍ ഗേള്‍സിന്റെ 3000 മീറ്ററില്‍ മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പിയും ദേശീയ റെക്കോര്‍ഡ് മറികടന്നു.

ആദ്യ സ്വര്‍ണം നേടിയ ബിബിന്‍ ജോര്‍ജ്ജ് ഇത് നാലം തവണയാണ് 5000 മീറ്ററില്‍ സ്വര്‍ണം നേടുന്നത്. ദേശീയ റെക്കോര്‍ഡ് മറികടന്ന ബബിതയ്ക്കിത് അവസാനത്തെ സ്‌കൂള്‍ മീറ്റ് ആണ്. മത്സരങ്ങള്‍ തടസ്സം കൂടാതെ നടത്തുന്നതിനായുളള എല്ലാ സജ്ജീകരണങ്ങളും ഇതിനോടകം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൗണ്ടില്‍ നിന്നുമുളള ദീപശിഖാ പ്രയാണം വൈകീട്ടോടെ സ്റ്റേഡിയത്തിലെത്തും. പരിസ്ഥി സൗഹൃദത്തോടെയാണ് ഇത്തവണത്തെ മേളയും. പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് കായികമേള ആഘോഷമാക്കുന്നത്.