പത്മകുമാറിന്റെ പാര്‍ട്ടി പ്രവേശനവും മടങ്ങിപ്പോക്കും സിപിഎമ്മിനെ കുഴയ്ക്കുന്നു; തീരുമാനം മുന്‍കൂട്ടിയറിയണമായിരുന്നെന്ന് സംസ്ഥാനനേതൃത്വം

single-img
3 December 2016
ആനാവൂര്‍ നാഗപ്പനും പി പത്മകുമാറും

ആനാവൂര്‍ നാഗപ്പനും പി പത്മകുമാറും

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവായ പത്മകുമാറിന്റെ പാര്‍ട്ടി പ്രവേശനവും തിരിച്ചുപോക്കും തിരുവനന്തപുരം ജില്ലയില്‍ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നു. പാര്‍ട്ടിയെ നാണം കെടുത്തിയെന്ന് ആരോപിച്ച് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെ ഒരുവിഭാഗം രംഗത്തെത്തി. പി.പത്മകുമാര്‍ ആര്‍എസ്എസിലേക്ക് തിരിച്ചുപോകാനിടയായ സാഹചര്യം മുന്‍കൂട്ടി കാണുന്നതില്‍ ജാഗ്രതക്കുറവുണ്ടായതായാണ് സംസ്ഥാന നേതൃത്വത്തിന്റെ നിരീക്ഷണം.

കഴിഞ്ഞ ഞായറാഴ്ചയാണ് പി.പത്മകുമാറിന്റെ സിപിഎം പ്രവേശനം ആനാവൂര്‍ നാഗപ്പന്‍ പ്രഖ്യാപിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി, ആര്‍എസ്എസിന്റെ കണ്ണൂര്‍ വിഭാഗം പ്രചാരക്, തിരുവനന്തപുരം, കൊല്ലം വിഭാഗ് ശാരീരിക് പ്രമുഖ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള പത്മകുമാറിന്റെ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലായിരുന്നു സിപിഎം. എന്നാല്‍ ഇരുട്ടടി പോലെയാണ് നാലാംനാള്‍ പത്മകുമാര്‍ ആര്‍എസ്എസിലേക്ക് മടങ്ങിയത്. ഇതോടെ പാര്‍ട്ടിക്കുണ്ടായ നാണക്കേടിന്റെ ഉത്തരവാദി ആരെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ജില്ലാ നേതാക്കള്‍.

പത്മകുമാറിനെ സിപിഎമ്മിലെത്തിക്കാനുള്ള ദൗത്യം ആനാവൂര്‍ നാഗപ്പന്‍ നേരിട്ട് കൈകാര്യം ചെയ്യുകയായിരുന്നുവെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. ഇതില്‍ കൂട്ടുത്തരവാദിത്വത്തിന്റെ പ്രശ്നം വരുന്നില്ല. അനാവശ്യ തിടുക്കം കാണിച്ച് പാര്‍ട്ടിയെ നാണക്കേടിന്റെ പടുകുഴിയില്‍ തള്ളിയെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു.

സംസ്ഥാന നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ജാഗ്രത ക്കുറവുണ്ടായെന്നാണ് വിലയിരുത്തല്‍. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഇതിനോടകം ശക്തമായിക്കഴിഞ്ഞു.