വിസ്മയങ്ങളുടെ കലവറയുമായി ബിജു രമേശിന്റെ മകളുടേയും അടൂര്‍ പ്രകാശിന്റെ മകന്റെയും വിവാഹം നാളെ

single-img
3 December 2016

6

തിരുവനന്തപുരം: യമുനാതീരത്തെ അക്ഷര്‍ധാമിലെ കുംഭഗോപുരങ്ങള്‍, വെണ്ണക്കല്‍ത്തൂണുകള്‍, മൂര്‍ത്തീശില്‍പങ്ങള്‍, കൊത്തു പണികള്‍. വെണ്ണക്കല്ലില്‍ തീര്‍ത്ത ചിത്രപണികള്‍. രാജവീഥിയില്‍ സ്വര്‍ണതിളക്കം. പറഞ്ഞു വന്നത് ബാഹുബലി സിനിമയുടെ ഷൂട്ടിംഗ് സെറ്റിനെക്കുറിച്ചല്ല. പത്മനാഭന്റെ മണ്ണില്‍ വിസ്മയക്കാഴ്ചയൊരുക്കുന്ന വിവാഹ മാമാങ്കത്തെ കുറിച്ചാണ്. നാളെ അനന്തപുരിയുടെ മണ്ണില്‍ രാജധാനി ഗാര്‍ഡന്‍സ് സാക്ഷ്യം വഹിക്കുക അബ്കാരി വ്യാവസായി ബിജു രമേശിന്റെ മകള്‍ മേഘയുടേയും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണയുടേയും വിവാഹ മാമാങ്കത്തിനാണ്.

ബോളിവുഡ് ചിത്രങ്ങള്‍ക്ക് വേണ്ടി സജ്ജീകരിക്കുന്ന ഷൂട്ടിംഗ് സെറ്റുകള്‍ക്കു സമാനമായി 80,000 സ്‌ക്വയര്‍ ഫീറ്റിലാണ് വിവാഹ വേദി സജ്ജീകരിക്കുന്നത്. ദില്ലിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ തനിപകര്‍പ്പെന്നോണമാണ് വിവാഹ വേദി ഒരുക്കിയിരിക്കുന്നത്. ഇരുപതിനായിരത്തില്‍ കുറയാത്ത അതിഥികളെയാണ് ചടങ്ങില്‍ പ്രതീക്ഷിക്കുന്നത്. കൊത്തുപണികളടങ്ങിയ തൂണുകള്‍ കൊണ്ട് അലങ്കരിച്ച പ്രവേശനകവാടവും വിശാലമായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും വിശാലമായ നടപ്പാതയുമെല്ലാം അടങ്ങുന്നതാണ് വിവാഹ പന്തല്‍. കഴിഞ്ഞ ഒരു മാസം കൊണ്ടാണ് അഞ്ഞൂറോളം തൊഴിലാളികള്‍ വിവാഹ വേദിയുടെ പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

????????????????????????????????????

മൈസൂര്‍ കൊട്ടാരത്തിലാണ് അതിഥികള്‍ക്കുള്ള സ്വീകരണം. കൊട്ടാരത്തിലൂടെ പുറത്തിറങ്ങിയാല്‍ കാണുന്നത് യമുനാതീരത്തെ അക്ഷര്‍ധാം ക്ഷേത്രസമുച്ചയം. 120 അടി വീതിയും 48 അടി പൊക്കവുമുളള അക്ഷര്‍ധാം ക്ഷേത്രസമുച്ചയത്തിലാണ് വിവാഹപ്പന്തല്‍. ചരിത്രവും വാസ്തുവിദ്യയും വിജ്ഞാനവും സമ്പത്തും വിസ്മയവും സ്വപ്നവുമൊക്കെ സമ്മേളിക്കുന്ന അതിഗംഭീരമായ വിവാഹവേദി. അക്ഷര്‍ധാമിലെ കുംഭഗോപുരങ്ങളും വെണ്ണക്കല്‍ത്തൂണുകളും മൂര്‍ത്തീശില്‍പങ്ങളും സന്യാസി പ്രതിമകളുമൊക്കെ തിരുവനന്തപുരത്ത് ആനയറയില്‍ പുനഃസൃഷ്ടിച്ചിട്ടുണ്ട്. മൈസൂര്‍ കൊട്ടാരത്തിലെ അര്‍ദ്ധകുംഭങ്ങളും. മകളുടെ വിവാഹം കെങ്കേമമാക്കാന്‍ തീര്‍ത്തും വ്യത്യസ്തമായൊരു വേദിയാണ് ബിജു രമേശ് സൃഷ്ടിക്കുന്നത്.

തിരുവനന്തപുരത്ത് ആനയറയ്ക്കു സമീപം കിംസ് ആശുപത്രിയുടെ മുന്നിലെ എട്ടേക്കര്‍ സ്ഥലത്താണ് വിവാഹവേദി ഒരുങ്ങുന്നത്. മുന്നൂറോളം പണിക്കാര്‍ ഒരു മാസമായി വിശ്രമരഹിതമായി അദ്ധ്വാനിക്കുന്നു. തൊഴിലാളികളില്‍ മലയാളികളും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമുണ്ട്. എട്ടേക്കര്‍ സ്ഥലം അക്ഷരാര്‍ത്ഥത്തില്‍ അണിഞ്ഞൊരുങ്ങുകയാ്. ഒരേസമയം ആറായിരം പേര്‍ക്കു ഭക്ഷണം കഴിക്കാവുന്ന പന്തല്‍ വേദിയുടെ ഇരുവശത്തും സജ്ജീകരിച്ചിട്ടുണ്ട്. നൂറിലേറെ വിഭവങ്ങള്‍. എല്ലാം ലൈവായി പാകം ചെയ്തു നല്‍കും. ബിരിയാണിയുണ്ടാക്കുന്നത് ജര്‍മ്മന്‍ കോമ്പി ഓവനിലാണ്. 45 മിനിട്ടുകൊണ്ട് 600 കിലോ ബിരിയാണി റെഡിയാകും. രാജധാനി ഹോട്ടല്‍ ശൃംഖലയും രാജധാനി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുമാണ് ഭക്ഷണക്കാര്യങ്ങള്‍ക്കു നേതൃത്വം വഹിക്കുന്നത്. വിവാഹപ്പന്തലിന് ഇരുവശത്തുമായി കലാപരിപാടികള്‍. ഒരു വേദിയില്‍ ശ്വേതാ മോഹന്റെ ഗാനമേള. താണ്ഡവം ഡാന്‍സ് ഗ്രൂപ്പിന്റെ പരിപാടികള്‍ തുടങ്ങി നിരവധി പരിപാടികളാണ് വിവാഹമാമാങ്കത്തിന് ഒരുക്കിയിരിക്കുന്നത്.

????????????????????????????????????

സിനിമകലാസംവിധായകരായ ശബരീഷ്, ഷാജി എന്നിവര്‍ ചേര്‍ന്നാണ് വിവാഹ പന്തല്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. ബെന്നറ്റ് ആന്റ് ദി ബാന്‍ഡിന്റെ മ്യൂസിക് ഫ്യൂഷനുള്‍പ്പെടെ വലിയ കലാപരിപാടികളും വിവാഹ വിരുന്നിനോട് അനുബന്ധിച്ച് നടത്തും. വിവാഹത്തിനെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായുള്ള എല്ലാ സജ്ജീകരണങ്ങളും പാര്‍ക്കിംഗ് പ്രശ്‌നം നേരിടുന്നവര്‍ക്കായി ഇവന്റ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.

തമിഴ്നാട്ടില്‍ ജയലളിതയ്ക്കു പകരം മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന പനീര്‍ സെല്‍വമുള്‍പ്പെടെയുള്ള വിവിഐപികളും സംസ്ഥാന മന്ത്രിമാരക്കമുള്ള നൂറുകണക്കിന് വിഐപിമാരുമാണ് നാളെ വൈകുന്നേരം ആറിന് നടക്കുന്ന വിവാഹ ചടങ്ങിലും തുടര്‍ന്നുള്ള വിവാഹ സല്‍ക്കാരത്തിലും പങ്കെടുക്കുക. നോട്ടു ക്ഷാമമോ കറന്‍സി ദുരിതമോ വിവാഹ ഒരുക്കങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

????????????????????????????????????

ഇവരുടെ വിവാഹ നിശ്ചയം ജൂണ്‍ 24 ന് തിരുവനന്തപുരത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് നടന്നത്. ബാര്‍കോഴ വിവാദങ്ങള്‍ പുകയുന്നതിനിടെ ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ മകളുടെ വിവാഹത്തിനു യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങള്‍ പങ്കെടുത്തത് ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു.

5 7