ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് ദേശീയ പൈതൃക സ്വത്താണെന്ന് ബാബ രാംദേവ്; ലാലുവിന്റെ മകനും തന്റെ മരുമകളും തമ്മില്‍ വിവാഹമെന്ന വാര്‍ത്ത തെറ്റ്

single-img
3 December 2016

lalu_story-2_050416095945
പാറ്റ്‌ന: ലാലുപ്രസാദ് യാദവ് ദേശീയ പൈതൃക സ്വത്താണെന്ന് യോഗ പരിശീലകന്‍ ബാബ രാംദേവ്. ലാലുപ്രസാദുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്നും രാംദേവ് പറഞ്ഞു. ലാലുവിനോട് യോഗ ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യം നമുക്കെല്ലാവര്‍ക്കും വളരെ പ്രധാനമാണ്. നമ്മുടെ നാടിന്റെ പൊതുസ്വത്താണ് അദ്ദേഹം. രാജ്യത്തെ ദീര്‍ഘ കാലം സേവിക്കുന്നതിന് അദ്ദേഹം ആരോഗ്യവാനായിരിക്കേണ്ടത് ആവശ്യമാണ്. താനും ലാലുവും തമ്മില്‍ 15 വര്‍ഷത്തെ ബന്ധമാണുള്ളതെന്നും രാംദേവ് പറഞ്ഞു.

മത, ആധ്യാത്മിക നേതാക്കളെ ഔദ്യോഗിക അതിഥികളായി പരിഗണിക്കേണ്ടതില്ലെന്ന ബീഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍, തനിക്ക് അത്തരമൊരു പദവി ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് വേണമെങ്കില്‍ ലാലുപ്രസാദിന്റെ വീട്ടില്‍ അതിഥിയായി താമസിക്കാം, അല്ലെങ്കില്‍ തന്റെ അനുയായികളുടെ വീടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകള്‍ പിന്‍വലിച്ച നടപടി ജനങ്ങള്‍ക്ക് താല്‍കാലികമായി ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിലും വൈകാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. തന്റെ സഹോദരിയുടെ മകളും ലാലുപ്രസാദിന്റെ മൂത്ത മകന്‍ തേജ് പ്രതാപുമായുള്ള വിവാഹാലോചനകള്‍ നടക്കുന്നതായുള്ള വാര്‍ത്തകള്‍ രാംദേവ് നിഷേധിച്ചു.