ലഷ്‌കര്‍ ഇ-ത്വയ്ബ പാകിസ്ഥാനിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടന; നരേന്ദ്ര മോഡി യുദ്ധക്കൊതിയനെന്നും പെര്‍വേസ് മുഷാറഫ്

single-img
3 December 2016

hafiz-musharaf-875-2

ഭീകരസംഘടനയായ ലഷ്‌കര്‍ ഇ-ത്വയ്ബ പാകിസ്ഥാനിലെ ഏറ്റവും മികച്ച സന്നദ്ധസംഘടനയാണെന്ന് മുന്‍ പാക് പ്രസിഡന്റ് പെര്‍വേസ് മുഷാറഫ്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവും കാശ്മീരി ഭീകരനുമായ ബുര്‍ഹാന്‍ വാനിയും ലഷ്‌കര്‍ തലവന്‍ ഹാഫിസ് സെയ്ദും തമ്മിലുള്ള സംഭഷണത്തിന്റെ ശബ്ദരേഖ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഷാറഫ്.

വാനി ഒരു രക്തസാക്ഷിയാണെന്നും മുഷാറഫ് പറയുന്നു. ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നതില്‍ യാതൊരു അത്ഭുതവുമില്ലെന്നും ഹാഫിസ് സയ്ദ് വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയാണെന്നും ലഷ്‌കര്‍ പാകിസ്ഥാനിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയാണെന്നുമാണ് മുഷാറഫ് പറഞ്ഞത്. വെള്ളപ്പൊക്ക കാലങ്ങളില്‍ അവര്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നയങ്ങളാണ് ബുര്‍ഹാന്‍ വാനിയെ ആയുധമെടുക്കാന്‍ നിര്‍ബന്ധിതനാക്കിയതെന്നും മുഷാറഫ് ന്യായീകരിക്കുന്നു.

വാനിയുടെ കുടുംബത്തെ ഇന്ത്യന്‍ സൈന്യം പീഡിപ്പിച്ചപ്പോഴാണ് അയാള്‍ ആയുധമെടുത്തതും പോരാടാന്‍ ആരംഭിച്ചതും. ഹാഫിസ് സയ്ദിനെ ഞാന്‍ ഭീകരനായി അംഗീകരിക്കില്ല. ഞാനൊരു അഭിഭാഷകനായിരുന്നെങ്കില്‍ കോടതിയില്‍ ഇദ്ദേഹത്തിനെതിരായ കേസുകള്‍ ഞാന്‍ വാദിക്കുമായിരുന്നു. മുഷാറഫ് പറയുന്നു. കൂടാതെ താനായിരുന്നു പ്രസിഡന്റെങ്കില്‍ ഐക്യരാഷ്ട്ര സംഘടനയില്‍ ഹാഫിസിന് വേണ്ടി വാദിക്കുമായിരുന്നെന്നും മുഷാറഫ് പറയുന്നുണ്ട്.

ലോകത്ത് പാകിസ്ഥാനെക്കാള്‍ സ്വാധീനം ഇന്ത്യയ്ക്കുണ്ടെന്നും എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഷാറഫ് ആരോപിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലാഹോര്‍ സന്ദര്‍ശനത്തെക്കുറിച്ച് മോഡി ഒരു യുദ്ധക്കൊതിയന്‍ ആണെന്നാണ് മുഷാറഫ് പ്രതികരിച്ചത്. ലാഹോര്‍ സന്ദര്‍ശിച്ച മോഡി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ തനിക്ക് ആവശ്യമുള്ളത്ര തവണ ഉമ്മ വയ്ക്കുക മാത്രമാണ് ചെയ്തത്.

ഇന്ത്യയിലും വര്‍ഗീയ സ്വഭാവമുള്ള പല സംഘടനകളും സന്നദ്ധ സംഘടനകളാണെന്നാണ് അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഭീകര സംഘടനയായ ലഷ്‌കറിനെ മുഷാറഫ് സന്നദ്ധത സംഘടനയായി വിശേഷിപ്പിച്ചിരിക്കുന്നത് അതീവ ഗൗരവത്തോടെയാണ് കണക്കിലെടുക്കേണ്ടത്. 2018ലെ പൊതുതെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ മുഷാറഫ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. 2017 ജൂണില്‍ ഈ പാര്‍ട്ടി സ്ഥാപിതമാകും.