ജന്‍ധന്‍ അക്കൗണ്ടില്‍ നിന്നും പിടിച്ചെടുത്തത് 1.64 കോടി രൂപയുടെ കള്ളപ്പണം; കള്ളപ്പണക്കാരെ തടയുമെന്ന് പറയുന്ന പ്രധാനമന്ത്രി ഇത് കാണുന്നില്ലേ?

single-img
3 December 2016

jan-dhan

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന പ്രഖ്യാപനത്തോടെ പ്രധാനമന്ത്രി ആവിഷ്‌കരിച്ച ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്നും സ്രോതസ് വെളിപ്പെടുത്താത്ത 1.64 കോടി രൂപ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. കൊല്‍ക്കത്ത, മിഡ്‌നാപൂര്‍, അറ(ബിഹാര്‍), കൊച്ചി, വരാണസി എന്നിവിടങ്ങളിലെ ബാങ്കുകളില്‍ നിന്നാണ് ഈ പണം പിടിച്ചെടുത്തത്. ഇത് കൂടാതെ ആറോളം നഗരങ്ങളില്‍ നിന്നായി നിരവധി അക്കൗണ്ടുകള്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.

ബിഹാറിലെ ഒരു അക്കൗണ്ടില്‍ നിന്നും മാത്രം നാല്‍പ്പത് ലക്ഷം രൂപയുടെ കള്ളപ്പണമാണ് കണ്ടുകെട്ടിയതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു. അതേസമയം ജന്‍ധന്‍ അക്കൗണ്ടുകളുടെ നിക്ഷേപ പരിധി 50,000 രൂപയാണ്. ഈ പരിധി മറികടന്നാണ് പലരും നിക്ഷേപം നടത്തിയിരിക്കുന്നത്. ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി തള്ളിക്കയറ്റിയ കള്ളപ്പണത്തെ കുറിച്ചും അത്തരം അക്കൗണ്ടുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

ഇത്തരത്തില്‍ കണ്ടെടുക്കുന്ന വെളിപ്പെടുത്താത്ത നിക്ഷേപങ്ങളും ആദായ നികുതി നിയമത്തിന്റെ പരിധിയില്‍ എത്തിക്കുമെന്നും നികുതി പിരിച്ചെടുക്കുമെന്നുമാണ് അവര്‍ പറയുന്നത്. നവംബര്‍ 23 വരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം ജന്‍ധന്‍ അക്കൗണ്ടുകളില്‍ 21,000 കോടി രൂപയുടെ നിക്ഷേപ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. നവംബര്‍ ഒമ്പത് വരെ രാജ്യത്തുണ്ടായിരുന്ന 25.5 കോടി ജന്‍ധന്‍ അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 45,636.61 കോടി രൂപയാണ്. എന്നാല്‍ ഇപ്പോള്‍ അത് 65,000 കോടിയും കടന്ന് 66,636 കോടിയില്‍ എത്തി നില്‍ക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കാനായി പലരും മറ്റുള്ളവരുടെ ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ചതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എല്ലാ കുടുംബങ്ങളിലും കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ടെങ്കിലും ഉണ്ടാകുക, രാജ്യത്തെ ബാങ്കിംഗ് ഉപയോഗം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2014 ഓഗസ്റ്റ് 28നാണ് പ്രധാനമന്ത്രി ജന്‍ധന്‍ യോജന എന്ന പദ്ധതി ആവിഷ്‌കരിച്ചത്. സീറോ ബാലന്‍സ് അക്കൗണ്ടുകളായ ഇതിലേക്ക് പെട്ടെന്ന് പണം വന്നു പെരുകിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ അറിയിച്ചിരുന്നു.

ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക് അസാധുവാക്കിയ അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ നിക്ഷേപിക്കരുതെന്ന് ആദായ നികുതി വകുപ്പും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.