രാജ്യത്തിന്റെ പുരോഗതിക്കായ് ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറായ ബി.ജെ.പി. യുവനേതാവിന്റെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്തത് 20 ലക്ഷം രൂപ

single-img
2 December 2016

jvr-arun

സേലം: ‘രാജ്യത്തിന്റെ പുരോഗതിയ്ക്കായി ക്യൂവില്‍ നില്‍ക്കാന്‍ ഞാന്‍ തയ്യാറാണ്’ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിജെപി നേതാവില്‍ നിന്നും പോലീസ് 20 ലക്ഷം രൂപ പിടിച്ചെടുത്തു. സേലത്തെ ബിജെപി യൂത്ത് വിങ് സെക്രട്ടറി ജെവിആര്‍ അരുണിന്റെ കാറില്‍ നിന്നാണ് വാഹനപരിശോധനയ്ക്കിടെ പോലീസ് പണം പിടികൂടിയത്. അരുണിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സേലം കുമാരപ്പെട്ടിയിലാണ് സംഭവം നടന്നത്.

വാഹനപരിശോധനയ്ക്കിടയില്‍ പിടിച്ചെടുത്ത പണത്തില്‍ 2000ന്റെ 926 നോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം 100ന്റെ 1530 നോട്ടുകളും നിരോധിച്ച 1000ന്റെ 50 നോട്ടുകളും പിടിച്ചെടുത്തുവെന്ന് പോലീസ് പറഞ്ഞു. അതേസമയം, ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ അരുണിന് കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത പണം ജില്ലാ ട്രഷറിയില്‍ അടച്ചു. അരുണിന് പുതിയ രണ്ടായിരം നോട്ടുകള്‍ നല്‍കിയ ബാങ്ക് അധികൃതരെ കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. പണം പിടിച്ചെടുത്തതിനെ കുറിച്ച് പോലീസ് ഐടി വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അരുണില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്ന് ബിജെപി വക്താവ് പറഞ്ഞു. മറുപടി തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കുമെന്നും വക്താവ് പറഞ്ഞു. എന്നാല്‍ അരുണിനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തമിളിശൈ സൗന്ദര്‍രാജന്‍ അറിയിച്ചു