വിധി തോല്‍പ്പിച്ചില്ല, ജെല്‍വിന് ഇത് രണ്ടാം ജന്മം; ടിപ്പര്‍ ലോറി കയറി കുടലും ശ്വാസകോശവും തകര്‍ന്ന പതിമൂന്നുകാരന് പുതുജീവനേകിയത് രാജഗിരി ആശുപത്രി

single-img
2 December 2016

jelvin
പലര്‍ക്കും ജന്മദിനങ്ങള്‍ സാധാരണ ഒരു ദിനം മാത്രമാണ്. വലിയ ആഘോഷങ്ങളുമായി ജന്മദിനം ആഘോഷിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. എന്നാല്‍ തൃശൂര്‍ പുതുക്കാട് സ്വദേശിയായ ജെല്‍വിന്‍ എന്ന പതിമൂന്ന് വയസ്സുകാരന് ഇത്തവണത്തെ പിറന്നാള്‍ എന്തുകൊണ്ടും പ്രിയപ്പെട്ടതായിരുന്നു.

തന്റെ പതിമൂന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തയ്യാറാക്കിയ വേദിയിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം നടന്നെത്തുമ്പോള്‍ ജെല്‍വിന്റെ മുഖത്തെ ആ പുഞ്ചിരി ഇക്കഴിഞ്ഞ നാളുകളില്‍ അവന്‍ അനുഭവിച്ച വേദനകളെയെല്ലാം മാച്ചുകളയുന്നതായിരുന്നു. ഒപ്പം അവനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും രാജഗിരി ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ക്കും മനസ് നിറയുന്നതുമായിരുന്നു ആ പുഞ്ചിരി.

ജീവിതത്തില്‍ പലരും തോറ്റു പോവുന്നത് അവര്‍ക്ക് നിശ്ചയദാര്‍ഢ്യം കുറവായത് കൊണ്ടായിരിക്കും. എന്നാല്‍ മനസില്‍ ജീവിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കില്‍ മരണത്തില്‍ നിന്നും നമുക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാം. കഴിഞ്ഞ ജൂലൈ മാസത്തില്‍ പള്ളിയില്‍ പോയി മടങ്ങി വരുന്ന വഴിക്ക് തൃശൂര്‍ പുതുക്കാട് വച്ചു ജെല്‍വിനെ ഒരു ടിപ്പര്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയുണ്ടായി. നെഞ്ചിനു താഴെയായി ടിപ്പര്‍ ലോറി കയറിയിറങ്ങിയ ഈ കുട്ടിയുടെ വന്‍കുടല്‍, ചെറുകുടല്‍, മൂത്രാശയ നാളി, ഇടുപ്പ് എന്നീ അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശ്വാസകോശത്തിനും ചതവേറ്റ ജെല്‍വിന്റെ വലതുകാല്‍ പൂര്‍ണമായും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിലും ജെല്‍വിന് ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചില്ല. നെഞ്ചുംകൂടിന് കീഴ്ഭാഗം മുതല്‍ താഴേക്കുള്ള അവയങ്ങള്‍ക്ക് ഗുരുതര പരിക്കുകള്‍ ഏറ്റ ജെല്‍വിന് ഒരേസമയം ഒട്ടനവധി അടിയന്തിര ശസ്ത്രക്രിയകള്‍ ആവശ്യമായിരുന്നു. അങ്ങനെ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന രാജഗിരി ആശുപത്രിയില്‍ എത്തിച്ച ഈ കുട്ടി ഉണര്‍ന്നത് പുതിയൊരു ജീവിതത്തിലേക്കായിരുന്നു. രാജഗിരി ആശുപത്രിയില്‍ അത്ഭുതകരമായിട്ടാണ് ജെല്‍വിന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നത്.

ജെല്‍വിന് ഒരേ സമയം വിവിധ ചികിത്സ വിഭാഗങ്ങള്‍ ചേര്‍ന്ന സൗകര്യം ആവശ്യമായിരുന്നതിനാല്‍ രാജഗിരി ആശുപത്രി സന്നദ്ധത അറിയിക്കുകയായിരുന്നു. ജീവന്‍ നിലനിര്‍ത്തുന്നത് തന്നെ ഏറ്റവും വിഷമകരമായ ഘട്ടത്തില്‍ വിവിധ ഭാഗങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടുള്ള ഏറ്റവും സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയയ്ക്ക് ഉടന്‍ ശ്രമമാരംഭിക്കുകയായിരുന്നു.

അപകടത്തിന്റെ ആഘാതത്തില്‍ ഡയഫ്രം തകര്‍ത്ത് ശ്വാസകോശത്തിനുള്ളില്‍ കടന്ന കുടല്‍ ഭാഗങ്ങള്‍ ഗാസ്‌ട്രോ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പുറത്തെടുക്കുകയും നശിച്ച കുടല്‍ ഭാഗങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. മൂത്രാശയ നാളിക് സംഭവിച്ച തകരാര്‍ പരിഹരിക്കാനുള്ള ശസ്ത്രക്രിയ പീഡിയാട്രിക്, യൂറോളജി വിഭാഗത്തിന്റെ കീഴിലും നടന്നു. ഒരേസമയം തന്നെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍, പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക്, ജനറല്‍ സര്‍ജറി, കാര്‍ഡിയോ തെറാസിക് സര്‍ജറി, അനസ്‌തേഷ്യ വിഭാഗങ്ങളും ശസ്ത്രക്രിയകളും ചികിത്സകളും ആരംഭിച്ചു. ഏകദേശം എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ പത്തോളം മുതിര്‍ന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് നടത്തിയത്. ജീവന്‍ നിലനിര്‍ത്തുക എന്ന ആത്യന്തികമായ ലക്ഷ്യത്തിന് മുന്നില്‍ ഈ കുട്ടിയുടെ പൂര്‍ണമായും തകര്‍ന്ന വലതുകാല്‍ മുറിച്ചുമാറ്റുകയല്ലാതെ ഡോക്ടര്‍മാര്‍ക്ക് വേറെ വഴിയുണ്ടായിരുന്നില്ല.

കഠിനമായ വേദനയിലും എപ്പോഴും പുഞ്ചിരിക്കുന്ന ജെല്‍വിന്റെ മുഖവും മാതാപിതാക്കളുടെ ക്രിയാത്മകമായ സമീപനവും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കരുത്ത് പകര്‍ന്നു. കുറ്റമറ്റ നഴ്‌സിംഗ് കെയറും ജെല്‍വിന്റെ മടങ്ങിവരവിനെ സഹായിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അണുബാധ പോലത്തെ വെല്ലുവിളികളെയും ഇവര്‍ക്ക് വിജയകരമായി നേരിടാന്‍ സാധിച്ചു. ഐസിയുവിലെ ചികിത്സയോടൊപ്പം ദീര്‍ഘനാള്‍ കിടപ്പിലാകുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയുന്നതിനായി ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു.

ജീവന്‍രക്ഷാ ചികിത്സകള്‍ വിജയകരമായതോടെ നഷ്ടപ്പെട്ട കാലിന് പകരം കൃത്രിമ കാല്‍ വയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. കുട്ടിയുടെ പ്രായവും നഷ്ടപ്പെട്ട കാലിന്റെ നീളവും കണക്കിലെടുത്ത് മെച്ചപ്പെട്ട ഒരു കൃത്രിമ കാല്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജര്‍മന്‍ നിര്‍മ്മിതമായ ഭാരം കുറഞ്ഞതും കാര്യക്ഷമമായതുമായ കാല്‍ ഘടിപ്പിച്ചുള്ള പരിശീലനവും ആരംഭിച്ചു. ഇന്ന് ജല്‍വിന് സാധാരണ രീതിയില്‍ നടക്കുവാനും ചവിട്ടുപടികള്‍ ഉപയോഗിക്കാനും പ്രത്യേക രൂപകല്‍പന ചെയ്ത ഈ കാല്‍ കൊണ്ട് സാധ്യമാണ്.

ജെല്‍വിന്റെ പതിമൂന്നാം ജന്മദിനം രാജഗരിരി ആശുപത്രിയില്‍ വച്ച് ആഘോഷിച്ചപ്പോള്‍ ജെല്‍വിന്റെ മാതാപിതാക്കള്‍ക്കൊപ്പം രാജഗിരി ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് വാഴപ്പിളളി,CMI ഡയറക്ടര്‍ ഹൂമന്‍ റിസോഴ്സ് ഫാ. ഓസ്റ്റിന്‍ മുളേരിക്കല്‍ CMI, ഡയറക്ടര്‍ അഡ്മിനിസ്ട്രേഷന്‍ ഫാ. ജോയ് കിളികുന്നേല്‍ CMI, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി ഓരത്തില്‍, ഡോ. ഫിലിപ്പ് കെ. തോമസ്, ഡോ. ടോം ജോസ്, ഡോ. ജിജി രാജ് കുളങ്ങര, ദിവ്യ കെ. തോമസ്, ഡോ. മുരുകന്‍ ബാബു, ഡോ. ബിപിന്‍ ജോസ്, ഡോ. സച്ചിന്‍ ജോര്‍ജ്, ഡോ. മധു, ഡോ. സന്ദീപ് ആര്‍. നാഥ്, വിജയന്‍ ഗോപാലകൃഷ്ണ കുറുപ്പ്, ഡോ. ബിനില്‍ കേശവന്‍ എന്നിവര്‍ പങ്കെടുത്തു.