വേട്ടയാടുകയല്ല വേണ്ടത്, സഹായിക്കുകയാണ് ചെയ്യേണ്ടത്; സഞ്ജുവിന് പൂര്‍ണപിന്തുണയുമായി ശശി തരൂര്‍ എംപി

single-img
2 December 2016

sanju-v-samson_eps-1

തിരുവനന്തപുരം: സഞ്ജു വി സാംസണ് പിന്തുണ നല്‍കി ശശി തരൂര്‍ എംപി രംഗത്ത്. സഞ്ജുവിനെതിരെയുണ്ടായ പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതിനെതിരെയാണ് തരൂര്‍ ഫേസ്ബുക്കിലൂടെ പോസ്റ്റിട്ട് പ്രതികരിച്ചത്. സഞ്ജുവിനെ പ്രൊസിക്യൂട്ട് ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് തരൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഒരു യുവ ബാറ്റ്സ്മാന്‍ മോശം ഫോമിലൂടെ കടന്നു പോകുമ്പോള്‍ അയാളെ സഹായിക്കുകയാണ് വേണ്ടതെന്നും അല്ലാതെ അയാളെ വേട്ടയാടുകയല്ല ചെയ്യേണ്ടതെന്നും തരൂര്‍ പറയുന്നു.

അനുമതിയില്ലാതെ ടീമില്‍ നിന്നു വിട്ടു നിന്നെന്നും രാത്രി അനുവാദമില്ലാതെ പുറത്തുപോയെന്നും ഔട്ടായ ശേഷം ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ബാറ്റ് തറയിലടിച്ച് പൊട്ടിച്ചെന്നും തുടങ്ങിയവയാണ് സഞ്ജുവിനെതിരായ ആരോപണങ്ങള്‍. കെസിഎ അധ്യക്ഷന്‍ ടി സി മാത്യുവിനെ സഞ്ജുവിന്റെ പിതാവ് ഫോണിലൂടെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. എന്നാല്‍ ടി സി മാത്യുവിനോട് മോശം രീതിയില്‍ സംസാരിച്ചെന്ന ആരോപണം തെറ്റാണെന്നും പരിക്കു മൂലം ടീമില്‍ നിന്നും ഒഴിവാക്കണമെന്ന സഞ്ജുവിന്റെ ആവശ്യം ടീം മാനേജ്മെന്റ് നിരാകരിക്കുകയായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് കാര്യങ്ങള്‍ സംസാരിക്കാന്‍ വേണ്ടി മത്രമാണ് അദ്ദേഹത്തെ ഫോണ്‍ ചെയ്തതെന്നും സഞ്ജുവിന്റെ പിതാവ് സാംസണ്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

സഞ്ജുവിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി കെസിഎ ഇന്നലെ നാലംഗ സമിതിയെ രൂപീകരിച്ചിരുന്നു. സഞ്ജുവിന്റെ പിതാവ് സാംസണ്‍ അപമര്യാദയായി പെരുമാറിയ കാര്യവും പരിശോധിക്കുമെന്ന് കെസിഎ വ്യക്തമാക്കിയിരുന്നു.