നികേഷ് കുമാര്‍ പണം വാങ്ങി ചതിച്ചു; റിപ്പോര്‍ട്ടര്‍ ടിവി മുന്‍ സെയില്‍സ് വിഭാഗം പ്രസിഡന്റ് ഡിജിപിക്ക് പരാതി നല്‍കി

single-img
2 December 2016

nikesh
തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ എം.വി നികേഷ് കുമാറിനെതിരെ മുന്‍ സെയില്‍സ് വിഭാഗം പ്രസിഡന്റ് ആര്‍ രാധാകൃഷ്ണന്‍ ഡിജിപിക്ക് പരാതി നല്‍കി. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഷെയര്‍ നല്‍കാമെന്ന വ്യവസ്ഥയില്‍ 29 ലക്ഷംരൂപ നികേഷ് കുമാര്‍ രാധാകൃഷ്ണനില്‍ നിന്ന് കൈപ്പറ്റിയെന്നും പിന്നീട് ഷെയര്‍ നല്‍കിയില്ലെന്നുമാണ് പരാതി. ഇതോടൊപ്പം റിപ്പോര്‍ട്ടര്‍ ടിവിയില്‍ 2012 സെപ്റ്റംബര്‍ മുതല്‍ 2016 ഫെബ്രുവരി വരെ ജോലി ചെയ്തതിന് നല്‍കേണ്ട ശമ്പളവും ആനുകൂല്യവും കൃത്യമായി കണക്ക് നോക്കി നികേഷ് കുമാര്‍ നല്‍കിയിട്ടില്ല എന്നും രാധാകൃഷ്ണന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സേവന നികുതി അടയ്ക്കാത്തതിന് 2015 മാര്‍ച്ച് 23ന് നികേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭാര്യയുടെ കെട്ടുതാലി അടക്കമുള്ള ആഭരണങ്ങള്‍ മുത്തൂറ്റ് ഫിനാന്‍സില്‍ പണയപ്പെടുത്തി നികേഷ് കുമാറിന് നല്‍കിയതായും രാധാകൃഷ്ണന്റെ പരാതിയില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ടര്‍ ടിവിയുടെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് വേണ്ടി 2012 ഡിസംബര്‍ 31ന് 20 ലക്ഷം രൂപയും 2014 മെയ് 15ന് ആറരലക്ഷം രൂപയും 2014 ഒക്ടോബര്‍ അഞ്ചിന് രണ്ടരലക്ഷം രൂപയും ഷെയര്‍ മണിയായി നല്‍കിയിട്ടുണ്ട്. ഓഹരി പോലും നല്‍കാതെ നികേഷ് കുമാര്‍ ഭംഗി വാക്കുകള്‍ പറഞ്ഞ് വിശ്വസിപ്പിച്ച്, ലക്ഷക്കണക്കിന് രൂപ വാങ്ങി വഞ്ചിച്ചു. ചതിപ്രയോഗം നടത്തുകയും ആ ചതിയിലൂടെ തനിക്ക് 29 ലക്ഷം രൂപ നഷ്ടം ഉണ്ടാവുകയും ചെയ്തു. അത്രയും ലാഭം നികേഷ് കുമാറിന് ഉണ്ടായിട്ടുള്ളതാണ്. കഴിഞ്ഞ 30 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് നികേഷ് കുമാറിന് നല്‍കിയത്. സ്വന്തമായി വീടില്ല, വാടകവീട്ടിലാണ് താമസം. വയസായ അമ്മയും ഭാര്യയും എഞ്ചിനീയറിംങ്ങിന് പഠിക്കുന്ന ഒരു മകനുമുണ്ട്. മുമ്പോട്ടുള്ള എന്റെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇപ്പോള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എന്റെ ശമ്പളത്തില്‍ നിന്നും നിയമാനുസൃതം പിടിച്ച ടിഡിഎസ് ഇതുവരെയും ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ നികേഷ് കുമാര്‍ അടച്ചതായി കാണുന്നില്ല. എന്നിങ്ങനെ പോകുന്നു രാധാകൃഷ്ണന്റെ പരാതിയുടെ ഉള്ളടക്കം.

രാധാകൃഷ്ണന്റെ ശമ്പളത്തില്‍ നിന്നും നിയമാനുസൃതം പിടിച്ച പ്രൊവിഡണ്ട് ഫണ്ടും ഇതുവരെ അടച്ചതായി കാണുന്നില്ല. കഴിഞ്ഞ ഏഴ് മാസമായി നികേഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. രാധാകൃഷ്ണന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിക്കുമെന്നും കേസ് രജിസ്റ്റര്‍ ചെയ്യാനും ഡിജിപി നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്.

ഡിജിപിക്ക് പരാതി നല്‍കിയതിനൊപ്പം രാധാകൃഷ്ണന്‍ എറണാകുളം പൊലീസിനും പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നികേഷ് കുമാര്‍ സമ്മര്‍ദ്ദം ആരംഭിച്ചതായാണ് സൂചന. എറണാകുളം പൊലീസ് ശനിയാഴ്ച രാധാകൃഷ്ണനോട് സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നികേഷ് കുമാറിനോടും അന്ന് വരാന്‍ പറഞ്ഞിട്ടുണ്ടെന്നും ചര്‍ച്ച നടത്താമെന്നുമാണ് പൊലീസ് രാധാകൃഷ്ണനെ അറിയിച്ചിരിക്കുന്നത്.