മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുകയല്ല വേണ്ടത്; പിടി കൂടുകയാണ് ചെയ്യേണ്ടതെന്ന് വി.എസ് അച്യുതാനന്ദന്‍

single-img
2 December 2016

achuthanandan_jpg_1241752f

കോഴിക്കോട്: കരുളായി വനത്തില്‍ പൊലീസും മാവോവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി നിലപാട് തിരുത്തി ഭരണ പരിഷ്‌കാര കമ്മിഷനും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി. മാവോവാദികളെ വെടിവെച്ച് കൊല്ലുകയല്ല വേണ്ടതെന്നും അവരെ പിടികൂടുകയാണ് വേണ്ടതെന്നും വിഎസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച തിരുവനന്തപുരത്ത് പറഞ്ഞു.

നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണമുണ്ടായതോടെ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. തെറ്റായ ആശയപ്രചരണം നടത്തുന്നവരെ കൊല്ലുകയല്ല മറിച്ച് അവരുമായി ചര്‍ച്ചയാണ് വേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറികടന്നാണ് പൊലീസ് മാവോവാദികളെ കൊലപ്പെടുത്തിയതെന്നും വി.എസ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞിരുന്നു.

ഇതിന് പുറകെയാണ് മാവോവാദി വേട്ടയ്ക്കെതിരെ വിഎസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. മാവോവാദി വേട്ട തെറ്റായിപ്പോയെന്നായിരുന്നു സിപിഐ അടക്കമുള്ള ഘടകക്ഷികളുടെയും അഭിപ്രായം. എന്നാല്‍ സംഭവത്തില്‍ പൊലീസിനെ കുറ്റപ്പെടുത്തി അവരുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടിലേക്ക് സര്‍ക്കാര്‍ പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതോടെ സിപിഐ മൗനത്തിലാവുകയും ചെയ്തു.