നരേന്ദ്ര മോഡിയുടെ ആപ്ലിക്കേഷന്‍ ഹാക്ക് ചെയ്‌തെന്ന് 22കാരന്‍; ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന് ഭീഷണി

single-img
2 December 2016

javed-khatri

മുംബൈ: ഏകദേശം എഴുപത് ലക്ഷം ഉപയോക്താക്കളുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഹാക്ക് ചെയ്തതായി മുംബൈയില്‍ നിന്നുള്ള 22കാരന്‍ അവകാശപ്പെട്ടു. ആപ്ലിക്കേഷന്റെ സുരക്ഷ പരിശോധിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും മറ്റ് കേടുപാടുകളൊന്നും വരുത്തിയിട്ടില്ലെന്നുമാണ് ഇയാള്‍ പറയുന്നത്.

യൂസ്‌റ്റോറിക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ജാവേദ് ഖത്രി എന്നയാള്‍ ആപ്ലിക്കേഷന്‍ ഹാക്ക് ചെയ്തതായി അവകാശപ്പെട്ടിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയുടെയും വിവരങ്ങള്‍ ലഭ്യമാക്കാന്‍ തനിക്ക് സാധിക്കുമെന്ന് ഇയാളുടെ സന്ദേശത്തില്‍ പറയുന്നു. ഈ വിവരങ്ങളില്‍ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍, സ്ഥലം, താല്‍പര്യങ്ങള്‍, അവസാനമായി ആപ്ലിക്കേഷന്‍ പരിശോധിച്ച സമയം എന്നിവ ഉള്‍പ്പെടുന്നു. സ്മൃതി ഇറാനിയെ പോലുള്ള മന്ത്രിമാരുടെ സ്വകാര്യ ഫോണ്‍ നമ്പരുകളും ഇമെയില്‍ ഐഡികളും തനിക്ക് ഇതിലൂടെ ലഭിച്ചിട്ടുണ്ടെന്ന് ഖത്രി വെളിപ്പെടുത്തി.

khatri

കൂടാതെ ഈ പ്ലാറ്റ്‌ഫോം പിന്തുടരുന്ന ഏതൊരു വ്യക്തിയെക്കൊണ്ടും മറ്റേതെങ്കിലും ഒരു ഉപയോക്താവിനെ ഫോളോ ചെയ്യിക്കാന്‍ തനിക്ക് സാധിക്കുമെന്നും ഇയാള്‍ വ്യക്തമാക്കുന്നു. ഈ ആപ്ലിക്കേഷനിലെ ഗുരുതരമായ സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടണമെന്ന് മാത്രമാണ് താന്‍ ലക്ഷ്യമിട്ടത്. ഈ വീഴ്ച അവഗണിച്ചാല്‍ എഴുപത് ലക്ഷത്തിലേറെ വരുന്ന ഉപയോക്താക്കളുടെ വിവരങ്ങള്‍ അപകടത്തിലാകുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ സ്മൃതി ഇറാനിയെക്കുറിച്ച് തനിക്ക് ലഭിച്ച വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും ഇയാള്‍ മെയിലിനൊപ്പം അയച്ചിട്ടുണ്ട്.

അതേസമയം പേര് പുറത്തുവിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ജാവേദ് ഖത്രി പറയുന്നത്. കാരണം, തന്റേത് ഉദ്ദേശ ശുദ്ധി ഉള്ള പ്രവര്‍ത്തിയാണെന്നും ആപ്ലിക്കേഷന് യാതൊരു കേടുപാടുകളും വരുത്താന്‍ ആഗ്രഹിക്കാത്ത തനിക്ക് ഉത്തരവാദിത്വപ്പെട്ടവര്‍ ഈ ആപ്ലിക്കേഷന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കണമെന്ന് മാത്രമാണ് ആഗ്രഹമെന്നും അറിയിച്ചു.

khatri2

മുംബൈയില്‍ ആപ്പ്‌ലാബ് എന്ന പേരില്‍ ആപ്പ് ഡെവലപ്പ്‌മെന്റ് കമ്പനി നടത്തുന്ന ഇയാള്‍ നിരവധി വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ഹാക്ക് ചെയ്തിട്ടുണ്ടെന്നും അവയുടെയൊന്നും പേര് വെളിപ്പെടുത്താനാകില്ലെന്നുമാണ് പറയുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ ആപ്ലിക്കേഷന്‍ ഹാക്ക് ചെയ്യാന്‍ അധികം ബുദ്ധിമുട്ടില്ലെന്നും താന്‍ 15-20 മിനിറ്റുകള്‍ കൊണ്ട് അത് പൂര്‍ണമായും സാധ്യമാക്കിയെന്നുമാണ് ജാവേദ് ഖത്രി പറയുന്നത്. കൂടാതെ ആപ്ലിക്കേഷന്‍ തയ്യാറാക്കിയവര്‍ അതിന്റെ സുരക്ഷയെക്കുറിച്ച് വളരെയധികം ചിന്തിക്കേണ്ടിയിരുന്നെന്നും അവര്‍ ധാരാളം സുരക്ഷ വീഴ്ചകളാണ് വരുത്തിയിരിക്കുന്നതെന്നും ഇയാള്‍ പറയുന്നു.

khatri3

പല ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരും ആപ്ലിക്കേഷനുകളുടെ സുരക്ഷ സസൂക്ഷ്മമായി വിശകലനം ചെയ്യാറില്ലെന്നും ഇവിടെ നിലവിലുള്ള തൊണ്ണൂറ് ശതമാനം ആപ്ലിക്കേഷനുകളും ഹാക്ക് ചെയ്യാന്‍ സാധിക്കുന്നവയാണെന്നും ജാവേദ് ചൂണ്ടിക്കാട്ടി. ഇതൊരു ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ഇത് എത്രയും വേഗം പരിഹരിക്കണമെന്നുമാണ് ജാവേദുമായുള്ള ചാറ്റിംഗ് പുറത്തുവിട്ട യുവര്‍‌സ്റ്റോറി പറയുന്നത്. ആദ്യം പ്രസിദ്ധീകരിച്ചെങ്കിലും ഇവര്‍ പിന്നീട് ഈ വാര്‍ത്ത പിന്‍വലിച്ചിരുന്നു. അതിന്റെ ഗൂഗിള്‍ ആര്‍ക്കേവില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ കയറുക. http://archive.is/ss9YY

khatri4