പുതുച്ചേരി മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എ വി ശ്രീധരന്‍ അന്തരിച്ചു; വിടവാങ്ങിയത് ഗാന്ധിയന്‍ തത്വങ്ങളെ നെഞ്ചോട് ചേര്‍ത്ത ജനനായകന്‍

single-img
2 December 2016

a-v-sreedharan
മാഹി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറും പള്ളൂര്‍ നിയോജക മണ്ഡലത്തെ കാല്‍നൂറ്റാണ്ട് കാലം നിയമസഭയില്‍ പ്രതിനിധീകരിക്കുകയും ചെയ്ത എ വി ശ്രീധരന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ വസതിയില്‍ ഉറക്കത്തിനിടെയാണ് അന്ത്യം സംഭവിച്ചത്. 72 വയസ്സായിരുന്നു. കോണ്‍ഗ്രസിന്റെയും ഐഎന്‍ടിയുസിയുടെയും സമുന്നത നേതാവായ ശ്രീധരന്‍ സാമൂഹ്യ സാംസ്‌കാരിക കലാരംഗത്തെ അതികായനായിരുന്നു.

പള്ളൂര്‍ എന്ന സ്ഥലനാമത്തിന്റെ പര്യായപദമായി മാറിയ എവിഎസ് എന്ന മൂന്നക്ഷരം അക്ഷരാര്‍ത്ഥത്തില്‍ എതിരാളികളില്ലാത്ത നേതാവായിരുന്നു. 1985 മുതല്‍ പള്ളൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി ആറ് തവണ പുതുച്ചേരി നിയമസഭയിലെത്തി. 2010 മാര്‍ച്ച് മാസത്തില്‍ നിയമസഭാ സാമാജികത്വത്തിന്റെ രജതജൂബിലി പള്ളൂരില്‍ സംഘടിപ്പിച്ചിരുന്നു. മയ്യഴി കണ്ട ഏറ്റവും വലിയ ജനസഞ്ചയമായിരുന്നു വിശാലമായ പള്ളൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയിരുന്നത്. ഗവര്‍ണ്ണറും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും അതിപ്രശസ്തരായ സിനിമ, സാഹിത്യ, കലാരംഗങ്ങളിലെ പ്രതിഭകളും പങ്കെടുത്ത ജനകീയോത്സവം ഈ നേതാവിനോടുള്ള മയ്യഴിക്കാരുടെ ഹൃദയവായ്പിന്റെ നേര്‍ സാക്ഷ്യമായിരുന്നു.

മാഹി സ്പിന്നിങ്ങ് മില്‍ ഐഎന്‍ടിയുസി നേതാവായി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ശ്രീധരന്‍ കന്നിമത്സരത്തില്‍ പള്ളൂര്‍ മണ്ഡലത്തില്‍ 100 വോട്ടിന് പരാജയപ്പെട്ടെങ്കിലും, തുടര്‍ന്ന് 1985 മുതല്‍ 2010 വരെ ആറ് തവണകളിലായി പള്ളൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി വിജയിച്ചു. അസംബ്ലി പാര്‍ട്ടി ലീഡര്‍, മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി, ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ തുടങ്ങി ഒട്ടേറെ ഔദ്യോഗിക പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. പള്ളൂര്‍ അടുവാട്ടില്‍ പരേതരായ കുഞ്ഞാപ്പുവിന്റെയും പാലത്തായിയിലെ സി പി ദേവുവിന്റെയും മകനായി 1945 സപ്തംബറില്‍ ജനിച്ച ശ്രീധരന്റെ ഭാര്യ ഐ എം സീതയാണ്. മക്കള്‍: എ വി ഷെജിന്‍, എ വി സുബിന്‍. സഹോദരങ്ങള്‍: പുരുഷോത്തമന്‍, ഭരതന്‍, ശാന്ത, ശശിധരന്‍.

ഗാന്ധിയന്‍ ആദര്‍ശങ്ങളെ മുറുകെ പിടിച്ച ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്നു എ വി ശ്രീധരനെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി അഭിപ്രായപ്പെട്ടു. പുതുച്ചേരിയുടെ അസംബ്ലി ചരിത്രത്തിന് എളിമയുടെയും, സത്യസന്ധതയുടെയും ജനസേവനത്തിന്റെയും പുഷ്പമാല്യം ചാര്‍ത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെയാണ് പുതുച്ചേരിക്ക് നഷ്ടമായത്. നിസ്വാര്‍ത്ഥനായ ജനസേവകനെയാണ് പുതുച്ചേരിക്ക് നഷ്ടമായതെന്നും മയ്യഴിക്കുണ്ടായ തീരാനഷ്ടത്തില്‍ പങ്കാളിയാവുകയാണെന്നും ലഫ്. ഗവര്‍ണ്ണര്‍ ഡോ. കിരണ്‍ബേദി അറിയിച്ചു. നിയമസഭയില്‍ തന്നോടൊപ്പം കാല്‍നൂറ്റാണ്ടുകാലം ഒന്നിച്ച് പ്രവര്‍ത്തിച്ച എവിഎസ് എക്കാലത്തും തന്റെ ആത്മസുഹൃത്തും വഴികാട്ടിയുമായിരുന്നുവെന്ന് വി വൈദ്യലിംഗം അറിയിച്ചു.

തനിക്ക് നഷ്ടമായത് സ്വന്തം ജ്യേഷ്ഠ സഹോദരനെയാണെന്നും, മയ്യഴിയുടെ വികസനത്തിന് തനിക്ക് എന്നും പ്രചോദനവും കരുത്തുമായിരുന്നു എവിഎസ് എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ ഇ വത്സരാജ് പറഞ്ഞു. രാഷ്ട്രീയ ചിന്തകള്‍ക്കുമപ്പുറം മാനുഷികതയില്‍ ഉറച്ച് വിശ്വസിച്ച ശ്രീധരന്‍ എന്നും ജീവിതത്തിന്റെ പുറംപോക്കിലേക്ക് തള്ളപ്പെട്ട നിസ്വനവര്‍ഗ്ഗത്തോടൊപ്പമായിരുന്നുവെന്ന് മുന്‍മന്ത്രി കെ പി മോഹനന്‍ പറഞ്ഞു.