ബാങ്കിന് മുന്നിലെ ക്യൂവിന് കാരണം രാജ്യത്തെ ഉയര്‍ന്ന ജനസംഖ്യ; ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന ജനങ്ങളെ അവഹേളിക്കാനെന്ന് ആരോപണം

single-img
2 December 2016

jaitly
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ പണത്തിനായി നെട്ടോട്ടമോടുകയും ബാങ്കുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കുകയും ചെയ്യുമ്പോള്‍ ജനങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന. ബാങ്കുകള്‍ക്ക് മുന്നില്‍ ഇത്രവലിയ ക്യൂ ഇപ്പോഴും അനുഭവപ്പെടുന്നത് ഇന്ത്യയിലെ ജനസംഖ്യ വളരെ വലുതായതിനാലാണെന്നാണ് ജെയ്റ്റ്‌ലി പറഞ്ഞത്.

എന്‍ഡി ടിവി നടത്തിയ എച്ച് ടി ലീഡര്‍ഷിപ്പ് സമ്മേളനത്തിലെ ചര്‍ച്ചയിലാണ് ജെയ്റ്റ്‌ലി വിവാദ പ്രസ്താവന ഇറക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ തീരുമാനത്തിലെ ആസൂത്രണത്തിന്റെ പോരായ്മ മൂലം രാജ്യത്തെ ജനങ്ങള്‍ ആകമാനം ബാങ്കുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കുമ്പോഴാണ് ധനമന്ത്രിയുടെ ഈ അപമാനകരമായ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. എന്‍ഡി ടിവിയുടെ വിക്രം ചന്ദ്രയാണ് ചര്‍ച്ച നയിച്ചത്.

നോട്ട് അസാധുവാക്കല്‍ തീരുമാനത്തെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ഇത്ര വലിയ ജനസംഖ്യയുള്ള രാജ്യത്ത് ഇത്തരത്തില്‍ വലിയ ക്യൂവുകളും പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം പറഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് ശേഷം ഏതാനും ദിവസങ്ങളിലേക്ക് രാജ്യത്ത് വലിയ ക്യൂ അനുഭവപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രധാനകാര്യമെന്താണെന്ന് വച്ചാല്‍ ഇവിടുത്തെ ഈ വലിയ ജനസംഖ്യ തങ്ങളുടെ കൈവശമുള്ള പഴയ നോട്ടുകള്‍ പുതുക്കാനും മറ്റ് ബാങ്കിംഗ് ഇടപാടുകള്‍ക്കുമായി ബാങ്കില്‍ എത്തുമ്പോള്‍ വലിയ ക്യൂ ദിവസങ്ങളോളം തുടരുകയാണ് എന്നതാണ്. ഇവിടുത്തെ ഇത്രയധികം ജനങ്ങള്‍ക്ക് പണത്തിന് ആവശ്യമുള്ളതിനാലാണ് ഇവിടെ ഇത്രയും വലിയ ക്യൂവും കാണുന്നത്.

അതേസമയം രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കുന്നതായാണ് താന്‍ മനസിലാക്കുന്നതെന്നും അല്ലാതെ വരുന്ന റിപ്പോര്‍ട്ടുകളെല്ലാം മാധ്യമസൃഷ്ടികളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ തീരുമാനം കൊണ്ട് ഏതാനും വര്‍ഷങ്ങള്‍ക്കകം നാം ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളിലൊന്നായി തീരുമെന്നതിന് യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉയര്‍ന്ന ജനസംഖ്യയാണ് വലിയ ക്യൂവുകള്‍ക്ക് കാരണമെന്ന ജെയ്റ്റ്‌ലിയുടെ പരാമര്‍ശം ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ വരുംദിവസങ്ങളില്‍ ആയുധമാക്കാനാണ് സാധ്യത.