മാവോയിസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന് അയച്ചുകൊടുത്തു; കോടതിക്കും പോലീസിനും റിപ്പോര്‍ട്ട് കൈമാറി

single-img
1 December 2016

 

maoism

നിലമ്പൂര്‍ കരുളായി വനമേഖലയില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, കാവേരി എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് അയച്ചു. കോടതിക്കും പോലീസിനും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

വെടിവയ്പ്പുമായി ബന്ധപ്പെട്ട സംഭവത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ എടക്കര പോലീസ് 536/16 ക്രൈം നമ്പരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കാവേരിയുടെ മൃതദേഹം ഫോറന്‍സിക് അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. ആര്‍ സോനു, ഡോ. രതീഷ് എന്നിവരുടെ നേതൃത്വത്തിലും കുപ്പുവിന്റെ മൃതദേഹം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. കൃഷ്ണകുമാര്‍, ഡോ. പ്രജിത് എന്നിവരുടെ നേതൃത്വത്തിലുമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഈമാസം അഞ്ച് വരെ സൂക്ഷിക്കാന്‍ കോടതി ഉത്തരവിട്ടുണ്ട്. ഇതിനിടെ മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. വീണ്ടും പോസ്റ്റുമോര്‍ട്ടം ആവശ്യമായി വരുന്ന സാഹചര്യം പരിഗണിച്ചാണ് മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.