ജിയോ ‘വെല്‍ക്കം ഓഫര്‍’ 2017 മാര്‍ച്ച് 31 വരെ നീട്ടി; ഡാറ്റ ലഭ്യതയില്‍ മാറ്റങ്ങള്‍ വരുത്തി

single-img
1 December 2016

jio
മുംബൈ: ഇന്ത്യയില്‍ 4ജി യുദ്ധത്തിന് കളമൊരുക്കിയ റിലയന്‍സ് ജിയോ ‘വെല്‍ക്കം ഓഫര്‍’ 2017 മാര്‍ച്ച് 31 വരെ നീട്ടി. നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാകും. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്.

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് ഓഫര്‍ കാലാവധി നീട്ടിയിരിക്കുന്നത്. എന്നാല്‍ പുതിയ ഓഫറിലെ ഡാറ്റാ ലഭ്യതയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്.

തങ്ങളുടെ എതിരാളികളായ മൂന്ന് ടെലികോം കമ്പനികള്‍ റിലയന്‍സ് ജിയോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നും മുകേഷ് അംബാനി പറഞ്ഞു. കമ്പനികളുടെ പേരെടുത്ത് പറയാതെയായിരുന്നു അംബാനിയുടെ ആരോപണം. നോട്ട് അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായും മുകേഷ് അംബാനി മുംബൈയില്‍ പറഞ്ഞു.

ജിയോയുടെ കോള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നില്ലെന്ന നിരവധി പരാതികള്‍ ഇപ്പോഴും ഉപഭോക്താക്കള്‍ ഉയര്‍ത്തുന്നുണ്ട്. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താതെ പണം വാങ്ങുന്നത് ശരിയല്ലെന്ന് വിലയിരുത്തലാണ് നേരത്തെ തന്നെ റിലയന്‍സിന് ഉണ്ടായത്. ഇത് കമ്പനിയെക്കുറിച്ച് ഉപഭോക്താക്കളില്‍ മോശം അഭിപ്രായമുണ്ടാക്കുമെന്നും നിലവിലുള്ള ഉപഭോക്താക്കളെ തന്നെ ജിയോയില്‍ നിന്ന് അകറ്റുമെന്നും കമ്പനി വിലയിരുത്തി.