24 മണിക്കൂര്‍ പ്രവര്‍ത്തനസജ്ജമായി ഹമദ് തുറമുഖം ഇന്നു മുതല്‍; നാവികമേഖലയിലെ ചരിത്ര നേട്ടം

single-img
1 December 2016

new-port-3

ദോഹ: നാവികമേഖലയിലെ ചരിത്രനേട്ടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഖത്തറിലെ ഹമദ് തുറമുഖത്തെ ടെര്‍മിനലുകള്‍ വ്യാഴാഴ്ചയോടെ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ദോഹ തുറമുഖത്ത് വാണിജ്യക്കപ്പലുകള്‍ അടുക്കുന്നതും ചരക്കിറക്കുന്നതും പൂര്‍ണമായും നിര്‍ത്തലാക്കി.

ഇതോടെ, രാജ്യത്ത് ചരക്കുനീക്കം നടക്കുന്ന ഏക തുറമുഖമായി മാറിയിരിക്കുകയാണ് ഹമദ് പോര്‍ട്ട്. മിസഈദിലെ ഉമ്മുല്‍ ഹൂലുലില്‍ സ്ഥിതിചെയ്യുന്ന ഹമദ് തുറമുഖം 2014 ഡിസംബറില്‍ ഭാഗികമായി പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. 2015 ജൂലായില്‍ കാറുകളും നാല്‍കാലികളുമായി ആദ്യത്തെ വാണിജ്യക്കപ്പല്‍ നങ്കൂരമിട്ടു. കഴിഞ്ഞ നവംബര്‍ 23 മുതല്‍ സജീവമായ രീതിയില്‍ ചരക്കിറക്കാന്‍ തുടങ്ങി. ഞായറാഴ്ച വൈകിട്ട് ദോഹ തുറമുഖം വാണിജ്യക്കപ്പലുകളെ സ്വീകരിക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. പകരം ഹമദില്‍ 24 മണിക്കൂറും ചരക്കിറക്കലും കയറ്റലും നടക്കും.

2020-ഓടെ തുറമുഖത്തിന്റെ നിര്‍ദിഷ്ട വികസനപദ്ധതികള്‍കൂടി പൂര്‍ത്തിയാക്കും. ഇതോടെ, 20 ചതുരശ്ര കിലോമീറ്റര്‍ മേഖലയിലേക്ക് വിപുലമാക്കപ്പെടുന്ന തുറമുഖത്ത് വര്‍ഷം 70 ലക്ഷം ടണ്‍ കൈകാര്യം ചെയ്യാനാകും. രാജ്യത്ത് വന്‍കിട കപ്പലുകള്‍ അടുക്കാന്‍ സൗകര്യമുള്ള ഏക തുറമുഖവും ഹമദാണ്.

ഉദ്ഘാടനം കഴിഞ്ഞ് അധികം വൈകാതെ ഇത്തരത്തിലുള്ള കപ്പലുകളിലൊന്ന് ചരക്കുമായി തുറമുഖത്ത് നങ്കൂരമിടും. ഇത്രയും കാലം യു.എ.ഇയിലെ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലുകള്‍ വഴിയാണ് വന്‍കിട കപ്പലുകളിലെ ചരക്കുകള്‍ രാജ്യത്തെത്തിച്ചിരുന്നത്. നഗരത്തില്‍ നിന്ന് മാറി സ്ഥിതിചെയ്യുന്നുവെന്നതും, രാജ്യത്തെ വ്യവസായ വാണിജ്യമേഖലകളുമായും ഇതര ഗള്‍ഫ് രാജ്യങ്ങളുമായും ബന്ധിപ്പിക്കപ്പെടുന്നുവെന്നതുമാണ് ഹമദിന്റെ പ്രധാന സവിശേഷത.

ചരക്കുമായി പോകുന്ന ട്രക്കുകള്‍ക്ക് ദോഹയില്‍ പ്രവേശിക്കാതെ തന്നെ കടന്നുപോകാം എന്നതിനാല്‍, നഗരത്തില്‍ ഗതാഗതക്കുരുക്കിനും ആശ്വാസമുണ്ടാകും. 27 ബില്യന്‍ റിയാല്‍ മുതല്‍മുടക്കില്‍ യാഥാര്‍ഥ്യമാക്കിയ തുറമുഖപദ്ധതിയുടെ ഭാഗമായി നേവല്‍ ബേസും ഖത്തര്‍ ഇക്കണോമിക് സോണ്‍ 3-ഉം സ്ഥാപിച്ചിട്ടുണ്ട്.