തിയേറ്ററില്‍ ദേശീയഗാനം വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ വിമര്‍ശനവുമായി നിയമവിദഗ്ധര്‍; വിധി മൗലിക അവകാശത്തിന് എതിര്

single-img
1 December 2016

indian-anthem
ന്യൂഡല്‍ഹി: സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം കാണിക്കണമെന്ന സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് നിയമവിദഗ്ധര്‍. ഭരണഘടന നിര്‍ദേശങ്ങളുടെ പരിധിക്കപ്പുറമാണ് വിധിയെന്ന് മുന്‍ അറ്റോണി ജനറല്‍ സോളി സോറാബ്ജി പ്രതികരിച്ചു. വിധി തെറ്റാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജോയ് ഇമ്മാനുവല്‍ കേസില്‍ വിഷയത്തില്‍ വിധി പറഞ്ഞതാണ്. ദേശീയ ഗാനം കാണിക്കണമെന്ന് സുപ്രീംകോടതിക്ക് എങ്ങിനെ നിര്‍ബന്ധിക്കാനാവും. ദേശീയ ഗാനം കാണിക്കുമ്പോള്‍ ആദരപൂര്‍വം ഏഴുന്നേറ്റ് നില്‍ക്കാത്തവരെ തിയേറ്ററുടകള്‍ പുറത്താക്കുമോയെന്നും അദ്ദേഹം ചോദിച്ചു. നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവാത്ത വിധിയാണിത്. ഒരാള്‍ക്ക് ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കുന്ന മൗലിക അവകാശത്തിനെതിരാണെന്നും സോളി സോറാബ്ജി പറഞ്ഞു.

ബി.ജെ.പിയുടെ ഈ നയത്തില്‍ സുപ്രീംകോടതി അതിരുകടന്നുവെന്നും നിയമവിദഗ്ധന്‍ രാജീവ് ധവാന്‍ അഭിപ്രായപ്പെട്ടു. വിവിധ തരം വിശ്വാസികളുണ്ട്. ദേശീയ ഗാനത്തോട് ആദരവ് പുലര്‍ത്തുമ്പോള്‍ തന്നെ അത് കേള്‍ക്കുമ്പോള്‍ തലകുനിക്കാന്‍ വിശ്വാസപരമായ വിലക്കുള്ളവരുണ്ടാകുമെന്നും രാജീവ് ധവാന്‍ പറഞ്ഞു.

ദേശീയ ഗാനം തിയേറ്ററില്‍ കാണിക്കുന്നത് നല്ല ആശയമാണ്. രാജ്യസ്‌നേഹം ഉണര്‍ത്താന്‍ ഇത് സഹായകമാകുകയും ചെയ്യും. എന്നാല്‍ ആദരവ് പ്രകടിപ്പിക്കാത്തവരെ തിയേറ്ററുടമകള്‍ക്ക് എന്ത് ചെയ്യാനാവുമെന്ന് മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ കെ. കെ വേണുഗോപാല്‍ പ്രതികരിച്ചു. ഇത് ശുപാര്‍ശയായി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കാമായിരുന്നുവെന്നും സിനിമാ നിയമത്തില്‍ ഭേദഗതി വരുത്താമായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.