അനുമതിയില്ലാതെ ടീമില്‍ നിന്നും വിട്ടുനിന്നു; സഞ്ജുവിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അന്വേഷണം

single-img
1 December 2016

sanju-v-samson_eps

തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു വി സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചു. മത്സരത്തിനിടെ അനുമതിയില്ലാതെ ടീമില്‍ നിന്ന് വിട്ടു നിന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സഞ്ജുവിനെതിരെ അന്വേഷണം.

സഞ്ജുവിന്റെ പിതാവ് കെസിഎ ഭാരവാഹികളെ അസഭ്യം പറഞ്ഞതായുള്ള പരാതിയും അന്വേഷണത്തിന്റെ പരിധിയില്‍പ്പെടും. മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. രണ്ടാഴ്ചയ്ക്ക് മുന്‍പ് ബ്രബോണ്‍ സ്റ്റേഡിയത്തില്‍ ഗോവയ്‌ക്കെതിരായ മത്സരത്തിനിടെ സസഞ്ജു ടീമില്‍ നിന്നും അനുമതിയില്ലാതെ വിട്ടുനിന്നുവെന്നും ടീമിന്റെ അച്ചടക്കങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നുമാണ് ആരോപണം.

ഡ്രസ്സിംഗ് റൂമില്‍ നിന്നും അനുമതിയില്ലാതെ പുറത്തുപോയ സഞ്ജു അര്‍ധരാത്രിയോടെയാണ് ടീം താമസിച്ചിരുന്ന ഹോട്ടലില്‍ തിരിച്ചെത്തിയതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സഞ്ജുവിനെതിരെ പ്രഖ്യാപിച്ച അന്വേഷണത്തോട് താരം ഇതുവരേയും പ്രതികരിച്ചിട്ടില്ല. വിഷയം ബിസിസിഐയുടേയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സഞ്ജുവിനെതിരെ നേരത്തേയും അച്ചടക്കലംഘന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മുംബൈ ടീമിന്റെ പരിശീലകനും കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ ഡയറക്ടറുമായ ചന്ദ്രകാന്ത് പണ്ഡിറ്റ് നേരത്തെ തന്നെ ഇതുസംബന്ധിച്ച പരാതികള്‍ ഉയര്‍ത്തിയിരുന്നു.