മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പയില്‍ സോപ്പു പതപ്പിച്ചാല്‍ ആറു വര്‍ഷംവരെ തടവ്

single-img
30 November 2016

pamba

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയില്‍ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് സ്വാമിമാര്‍ കുളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പത്തനംതിട്ട കളക്ടറാണ് സോപ്പും എണ്ണയും ഉപയോഗിച്ചുള്ള കുളിക്ക് വിലക്കേര്‍പ്പെടുത്തിയത്.

വിലക്ക് ലംഘിക്കുന്നവര്‍ക്ക് ആറു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും. പമ്പയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കഴിഞ്ഞ ദിവസം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് നേരത്തെ വിലക്കുണ്ട്. വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമെന്ന നിലയില്‍ എത്തിയപ്പോഴാണ് വിലക്ക് വന്നത്. ദീര്‍ഘയാത്ര കഴിഞ്ഞെത്തുന്നവര്‍ പമ്പാനദിയില്‍ ഇറങ്ങുന്നതിനു മുന്‍പ് പ്രത്യേകം കുളിമുറികളില്‍ കുളിക്കുന്നതിന് സൗകര്യമൊരുക്കും. ഇതിനുശേഷം പമ്പയില്‍ ഇറങ്ങി കുളിക്കാവുന്നതാണ്.

സോപ്പ് ഉപയോഗിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും പിഴ ഈടാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
തീര്‍ഥാടകരില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങളും വിസര്‍ജ്യവസ്തുക്കളും പമ്പാനദിയില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. പുറത്തുള്ള വിസര്‍ജനം ഇപ്പോള്‍ ഏറ്റവും വലിയ പ്രശ്നമാണ്. ഇത് തടയുന്നതിനും നടപടി കര്‍ശനമാക്കും.