പണമായി ശമ്പളം കിട്ടാന്‍ ബുദ്ധിമുട്ടും; ഡിസംബറില്‍ ശമ്പളം നല്‍കുന്നത് തന്നെ പ്രയാസമാണെന്ന് ധനമന്ത്രി തോമസ് ഐസക്

single-img
30 November 2016

thomas-isaac1തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പണമായി പിന്‍വലിക്കുന്നതില്‍ ബുദ്ധിമുട്ടാകുമെന്ന് ധനമന്ത്രി. ബാങ്ക് പ്രതിനിധികളുമായി മൂന്ന് മണിക്ക് ധനസെക്രട്ടറി ചര്‍ച്ച നടത്തുമെന്നും തോമസ് ഐസക് വ്യക്തമാക്കി. നോട്ട് പ്രതിസന്ധി സംബന്ധിച്ച വിഷയങ്ങള്‍ ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല.

ഈ മാസത്തെ ശമ്പളവും പെന്‍ഷവും ജീവനക്കാരുടെയു പെന്‍ഷന്‍കാരുടെയും അക്കൗണ്ടുകളില്‍ എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് പ്രശ്നമൊന്നുമില്ല. എന്നാല്‍ ഇത് പണമായി പിന്‍വലിക്കാന്‍ അവര്‍ ശ്രമിച്ചാല്‍ കടുത്ത പ്രതിസന്ധിയിലേക്ക് പോകും. 1000 കോടി രൂപയെങ്കിലും പണമായി നല്‍കണമെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല മറുപടി ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കാനാണ് മൂന്ന് മണിക്ക് ബാങ്ക് പ്രതിനിധികളുടെയും റിസര്‍വ് ബാങ്ക് ഉദ്ദ്യോഗസ്ഥരുടെയും യോഗം ധനകാര്യ സെക്രട്ടറി വിളിച്ചു ചേര്‍ത്തിരിക്കുന്നത്. മൂന്ന് മണിയോടെ ആയിരം കോടി രൂപ കറന്‍സി ലഭിക്കുന്ന കാര്യത്തില്‍ തീരുമാനമാകും. പണം ലഭിച്ചില്ലെങ്കില്‍ ജീവനക്കാര്‍ക്ക് പ്രതിവാരം 24,000 രൂപ വീതം പിന്‍വലിക്കേണ്ടിവരും.
നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സര്‍ക്കാറിന്റെ വരുമാനം ഗണ്യമായി ഇടിഞ്ഞതിനാല്‍ അടുത്ത മാസത്തെ ശമ്പളം എങ്ങനെ നല്‍കുമെന്ന കാര്യത്തില്‍ സര്‍ക്കാറിന് ഇതുവരെ ഒരു ധാരണയുമില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.