സൈനിക കേന്ദ്രങ്ങളില്‍ ഈ വർഷം മാത്രം നടന്നത് മൂന്ന് ആക്രമണങ്ങൾ;ഇന്ത്യയ്ക്ക് നഷ്ടമായത് 34 സൈനികരെ

single-img
30 November 2016

Militant attack in Nagrota

പഠാന്‍കോട്ട്, ഉറി സംഭവങ്ങള്‍ക്കുശേഷം നഗ്രോഡ കന്റോണ്‍മെന്റില്‍ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഓഫീസര്‍മാരടക്കം ഏഴ് സൈനികര്‍ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടു.ഇതോടെ സൈനിക കേന്ദ്രങ്ങളിൽ ഈ വർഷം നടന്ന ഭീകരാക്രമണങ്ങളിൽ ഇന്ത്യയ്ക്ക് 34 സൈനികരെ നഷ്ടമായി.
ചൊവ്വാഴ്ച പുലര്‍ച്ചെ ജമ്മുകശ്മീരിലെ നഗ്രോഡ കന്റോണ്‍മെന്റില്‍ പോലീസ് വേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ മൂന്നുപേരെ വധിച്ചു. രണ്ട് ഓഫീസര്‍മാരടക്കം ഏഴ് സൈനികര്‍ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ച കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെയും രണ്ട് കുട്ടികളെയും 12 സൈനികരെയും സുരക്ഷിതമായി മോചിപ്പിച്ചതായി സൈന്യം അറിയിച്ചു.
നിയന്ത്രണരേഖയുടെയും ജമ്മുമേഖലയിലെ ഭീകരവിരുദ്ധ പോരാട്ടത്തിന്റെയും ചുമതലയുള്ള സൈനിക വിഭാഗമാണ് 16-ാം കോര്‍. കനത്ത സുരക്ഷയുള്ള സൈനികകേന്ദ്രത്തില്‍ ഭീകരര്‍ക്ക് നുഴഞ്ഞുകയറാനായതെങ്ങനെയെന്ന് വ്യക്തമല്ല.
ജനുവരി രണ്ടിനാണ് പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമസേനാകേന്ദ്രത്തില്‍ ഭീകരാക്രമണം ഉണ്ടായത്. എട്ട് സൈനികര്‍ കൊല്ലപ്പെട്ടു. നാല് ഭീകരരെയും സൈന്യം പിന്നീട് വധിച്ചു. സെപ്റ്റംബര്‍ 18-ന് കശ്മീരിലെ ഉറി സൈനിക ക്യാമ്പില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു.