നടിമാര്‍ കുടുംബ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ടിവി ഷോകള്‍ അസഹ്യം; പിന്‍മാറണമെന്ന് ശ്രീപ്രിയ

single-img
30 November 2016

1480311672-9456

ഇന്ന് വ്യക്തികളുടെ കുടുംബപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ പരിപാടികള്‍ തമിഴിലും മലയാളത്തിലും നിരവധിയായിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ മറ്റുള്ളവരുടെ കുടുംബപ്രശ്‌നങ്ങള്‍ കേള്‍ക്കുന്നത് ഒരു ശീലമായി മാറി കൊണ്ടിരിക്കുകയാണ്.

ഈ പരിപാടികളില്‍ സിനിമതാരങ്ങളാണ് അവതാരകരായി എത്തുന്നതും അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതും. എന്നാല്‍ ഇതില്‍ നിന്ന് താരങ്ങള്‍ പിന്‍മാറണമെന്ന് ആവശ്യവുമായി നടി ശ്രീപ്രിയ രംഗത്ത് എത്തി. ഉര്‍വശി അടക്കമുള്ള താരങ്ങളോടാണ് ശ്രീപ്രിയ ഇക്കാര്യം ആവശ്യപ്പെട്ടത്.
ദമ്പതികളുടെ കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇവിടെ കുടുംബ കോടതികളുണ്ട്. ധാരാളം നിയമങ്ങളും നമ്മുടെ നാട്ടിലുണ്ട്. അതിന് പകരം കുടുംബ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ടിവി ഷോകള്‍ അസഹ്യമാണെന്ന് ശ്രീപ്രിയ ട്വിറ്ററില്‍ കുറിച്ചു. ഇത്തരം ഷോകള്‍ നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അഭിനേതാക്കള്‍ കലയെ വിലയിരുത്തിയാല്‍ മതി കുടുംബ പ്രശ്നങ്ങളില്‍ ജഡ്ജിയാകേണ്ടന്ന് ശ്രീപ്രിയ പറഞ്ഞു. ഉര്‍വശിക്ക് പുറമെ കുടുംബ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഷോകളുടെ അവതാരകരായ റോജ, ഖുശ്ബു, ലക്ഷ്മി രാമകൃഷ്ണന്‍, ഗീത എന്നിവരോടും കൂടിയാണ് ശ്രീപ്രിയയുടെ അഭ്യര്‍ത്ഥന.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നടി ഗീത അവതാരകയായിട്ടുള്ള തെലുങ്ക്് ചാനലിലെ പരിപാടിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളായ യുവതിയെയും യുവാവിനെയും അപമാനിച്ചത് വളരെയധികം പ്രശ്‌നങ്ങള്‍ക്ക് കാരാണമായിരുന്നു. ഉര്‍വശി മലയാളത്തില്‍ ജീവിതം സാക്ഷി എന്ന പരിപാടിയുടെ അവതാരകയാണ്. സ്വന്തം കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാണാതെ നാട്ടുകാരുടെ പ്രശ്‌നത്തിന് അഭിപ്രായം പറയുന്ന നടി ഉറവശിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

പരിപാടിയില്‍ പങ്കെടുക്കുന്നവരെ അധിക്ഷേപിക്കുകയും സംസ്‌കാരത്തിനും അന്തസ്സിനും യോജിക്കാത്ത നിലവാരം കുറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് ഭീഷണിയുടെ സ്വരത്തില്‍ രോഷ പ്രകടനം നടത്തുന്നതതിനുമായി ഉര്‍വ്വശിക്കെതിരെ റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിന്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുക വരെ ഉണ്ടായി.

അതേസമയം താന്‍ ഷോ ചെയ്യുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്ന് ഖുശ്ബു പ്രതികരിച്ചു. എല്ലാവര്‍ക്കും അവരുടേതായ വ്യത്യസ്തമായ കാഴ്ചപ്പാട് ഉണ്ടാകാം. ചിലരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ആളുകള്‍ പ്രശ്ന പരിഹാരം തേടി ഞങ്ങളെ സമീപിക്കുകയാണ് ചെയ്യുന്നത് ഖുശ്ബു പറഞ്ഞു.

ഖുശ്ബുവിന്റെ അഭിപ്രായത്തോട് യോജിക്കുന്ന നിലപാടാണ് നടി ലക്ഷ്മി രാമകൃഷ്ണന്റേതും. ഷോ ചെയ്യുന്നതിനെക്കുറിച്ച് ഇതിനകം പ്രതികരിച്ചു കഴിഞ്ഞതാണ്. ശ്രീപ്രിയയ്ക്ക് അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. സൊല്‍വതെല്ലാം ഉണ്‍മൈ എന്ന ഷോയാണ് ലക്ഷ്മി ചെയ്യുന്നത്. നടി റോജയും സമാനമായ പരിപാടിയുടെ അവതാരകയാണ്.