ആണ്‍മക്കളേ മാതാപിതാക്കളുടെ വീട് നിങ്ങളുടേതല്ല,അവരനുവദിച്ചാല്‍ മാത്രമേ താമസിക്കാന്‍ കഴിയൂ, ഡല്‍ഹി ഹൈക്കോടതിയുടെ വിധി

single-img
30 November 2016

sondelhihc

ന്യൂഡല്‍ഹി:ജന്മം നല്‍കിയ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തനിച്ചാക്കിയിട്ട്, തറവാട് പൊളിച്ച് പുതിയതുണ്ടാക്കുന്ന ആണ്‍കുട്ടികള്‍ക്ക സ്‌നേഹബന്ധത്തിന്റെ വില ഓര്‍മിപ്പിക്കാന്‍ ദല്‍ഹി ഹൈക്കോടതിയുടെ വിധി.മാതാപിതാക്കള്‍ സ്വന്തം സമ്പാദ്യം കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ ജീവിക്കാന്‍ ആണ്‍മക്കള്‍ക്ക് നിയമപരമായ അവകാശമില്ലെന്ന് ദല്‍ഹി ഹൈക്കോടതി. മാതാപിതാക്കള്‍ അനുവദിക്കുമെങ്കില്‍ അവരുടെ ദയയില്‍ മാത്രമേ താമസിക്കാന്‍ അനുവാദമുള്ളൂ.
മകന്‍ വിവാഹിതനോ അവിവാഹിതനോ ആണെന്നത് പ്രശ്‌നമല്ല. മാതാപിതാക്കള്‍ സ്വയം സമ്പാദിച്ച വീടിന് മേല്‍ മകന് നിയമപരമായി അവകാശം ഉന്നയിക്കാന്‍ സാധിക്കില്ല. അവര്‍ അനുവദിക്കുന്ന അത്രയും കാലം വീട്ടില്‍ താമസിക്കാം കോടതി പറഞ്ഞു.മകനേയും മരുമകളേയും വീട്ടില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം അനുവദിച്ച വിചാരണക്കോടതി വിധിക്കെതിരെ മകന്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.പാരമ്പര്യമായി കിട്ടുന്ന വീടുകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല.

മാതാപിതാക്കളുമായുള്ള ബന്ധം സ്‌നേഹപൂര്‍ണമായിരിക്കുന്നിടത്തോളം കാലം വീട്ടില്‍ മകന് താമസിക്കാം. എന്നാല്‍ അതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ അവര്‍ മകനില്‍ നിന്ന് ക്ലേശം അനുഭവിക്കേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ വിചാരണക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ തീര്‍പ്പ്.

മകനും മരുമകളും ചേര്‍ന്ന് തങ്ങളുടെ ജീവിതം നരകതുല്യമാക്കിയെന്നും തങ്ങളുടെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും കാട്ടി മാതാപിതാക്കള്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച മകന്‍ വീടിന് തനിക്കും അവകാശമുണ്ടെന്നും വീട് നിര്‍മ്മാണത്തിന് താനും സഹായിച്ചിട്ടുണ്ടെന്നും വാദിച്ചു.എന്നാല്‍ ഇത് തെളിയിക്കാനാവശ്യമായ രേഖകള്‍ മകന് നല്‍കാനായില്ല. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് മകന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഇന്നലെകളില്‍ കൂട്ടുകുടുംബമായിരുന്നു.ഒത്തു ചേരലിന്റെ ഉല്‍സവമായിരുന്നു എല്ലാ ദിവസങ്ങളും.പക്ഷേ ഇന്ന് ന്യൂക്ലിയര്‍ ഫാമിലിയിലേക്ക് ചുരുങ്ങിയതോടെ സ്‌നേഹം അകലെയായി.അഛനമ്മമാര്‍ തെരുവിലായി.സ്വന്തമെന്നു കരുതി അഹങ്കരിക്കണ്ട ആണ്‍കുട്ടികളേ,അവകാശികള്‍ നിങ്ങളല്ല.