നോട്ട് നിരോധനത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ആന്ധ്രയില്‍ നിന്നുമുള്ള എംപി ഡോ:ശിവപ്രസാദ്

single-img
30 November 2016

siva-prasad-1

ദില്ലി: നോട്ട് നിരോധനത്തിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ഇപ്പോളും തുടരുകയാണ്. വ്യത്യസ്തമായ പല പ്രതിഷേധങ്ങളും ഇതിനിടയില്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. ഇതില്‍ നിന്നും വ്യത്യസ്തനാവുകയാണ് ആന്ധ്രയില്‍ നിന്നുമുള്ള എംപിയും തെലുങ്ക് സിനിമാതാരമായിരുന്ന ഡോ:ശിവപ്രസാദ്.

തെലുങ്ക് ദേശം പാര്‍ട്ടിയുടെ ചിറ്റൂരില്‍ നിന്നുമുള്ള എംപിയാണ് ശിവപ്രസാദ്. വെള്ളയും കറുപ്പും നിറുമുള്ള ഷര്‍ട്ടും പാന്റ്സും ധരിച്ച് ലോകസഭയിലെത്തിയാണ് ശിവപ്രസാദിന്റെ പ്രതിഷേധം. പകുതി കറുപ്പും പകുതി വെള്ളയും നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു നോട്ട് നിരോധനത്തിനെതിരെ ശിവപ്രസാദിന്റെ പ്രതിഷേധം. വസ്ത്രത്തില്‍ സാധാരണക്കാരുടേയും നോട്ട് നിരോധനം ബാധിക്കാത്ത കള്ളപ്പണക്കാരുടേയും പ്രതീകമായ ചിത്രങ്ങളും പിടിപ്പിച്ചാണ് ശിവപ്രസാദ് ലോകസഭയിലെത്തിയത്.

സഭയില്‍ പ്രതിപക്ഷ ബഹളം ആരംഭിച്ചതോടെ ശിവപ്രസാദ് സഭയുടെ മധ്യത്തിലേക്ക് കടന്ന് വരികയായിരുന്നു. തന്റെ മണ്ഡലത്തിലൂടെ ഒരാഴ്ച്ച താന്‍ സഞ്ചരിച്ചെന്നും ആളുകള്‍
കരയുകയാണെന്നും നോട്ട് നിരോധനത്തിനെതിരെ സംസാരിക്കാന്‍ ആളുകള്‍ ഭയപ്പെടുകയാണെന്നും ശിവപ്രസാദ് പറഞ്ഞു.

നോട്ട് നിരോധത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തയാളുകള്‍ അദ്ദേഹത്തിന് തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്നും ശിവപ്രസാദ് ആരോപിച്ചു. അതേസമയം താന്‍ നോട്ട് നിരോധനത്തിന് എതിരല്ലെന്നും നോട്ട് നിരോധനത്തിന്റെ നടത്തിപ്പിലെ വീഴ്ച്ചകള്‍ക്ക് എതിരെയാണ് തന്റെ പ്രതിഷേധമെന്ന് ശിവപ്രസാദ് വ്യക്തമാക്കി.

ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചാല്‍ നടീനടന്മാരേയും സംവിധായകനേയും എല്ലാം തീരുമാനിച്ച ശേഷമേ നിര്‍മ്മാണം ആരംഭിക്കുകയുള്ളൂ അല്ലാതെ ക്യാമറ കൊണ്ട് മാത്രം ചിത്രീകരണം നടക്കുകയില്ലെന്നും നോട്ട് നിരോധത്തിന്റെ നടത്തിപ്പിലെ വിഴ്ച്ചയ്ക്കെതിരെ ശിവപ്രസാദ് വിമര്‍ശിച്ചു.