കൊളംബിയയില്‍ 81 യാത്രക്കാരുമായി വിമാനം തകര്‍ന്നു വീണു; ആറ് പേരെ രക്ഷപ്പെടുത്തി; യാത്രക്കാരില്‍ ബ്രസീലിയന്‍ ക്ലബ്ബ് ഫുട്ബോള്‍ അംഗങ്ങളും

single-img
29 November 2016
അപകടത്തില്‍പ്പെടുന്നതിന് മുമ്പുള്ള വിമാനത്തില്‍ നിന്നുള്ള ദൃശ്യം. ഇതില്‍ ഫുട്‌ബോള്‍ താരങ്ങളെയും കാണാം

അപകടത്തില്‍പ്പെടുന്നതിന് മുമ്പുള്ള വിമാനത്തില്‍ നിന്നുള്ള ദൃശ്യം. ഇതില്‍ ഫുട്‌ബോള്‍ താരങ്ങളെയും കാണാം

റിയോ ഡീ ജെനീറോ: 81 പേരുമായി യാത്രചെയ്തിരുന്ന വിമാനം അപകടത്തില്‍പെട്ടു. ആറുപേര്‍ രക്ഷപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 25 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബ്രസീലിയന്‍ ക്ലബ് ഫുട്ബോള്‍ ടീമുമായി സഞ്ചരിക്കുകയായിരുന്ന വിമാനം കൊളംബിയയിലാണ് തകര്‍ന്നത്. സൗത്ത് അമേരിക്കന്‍ കപ്പ് ഫൈനല്‍ മത്സരത്തിനായി കൊളംബിയയിലെ രണ്ടാമത്തെ വലിയ നഗരമായ മെഡലിനിലേക്ക് പുറപ്പെട്ട ചെപ്കോയെന്‍സ് റെയല്‍ എന്ന ഫുട്ബോള്‍ ടീം സഞ്ചരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞയാഴ്ചയാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അധികായരായ സാന്‍ ലൊറന്‍സോ ക്ലബ്ബിനെ തോല്‍പ്പിച്ച് ഇവര്‍ ഫൈനല്‍ പ്രവേശനം നേടിയത്.

കളിക്കാരും ടീം ഒഫീഷ്യലുകളും മറ്റ് യാത്രക്കാരുമടക്കം 72 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം ഒമ്പത് വിമാന ജീവനക്കാരുമുണ്ടായിരുന്നു. മെഡലിന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് സൂചനയുണ്ടെങ്കിലും വിമാനത്തിന്റെ ഇന്ധനം തീര്‍ന്നതാണ് അപകടകാരണമെന്നാണ് മെഡലിന്‍ മേയര്‍ ഫെഡറികോ ഗ്വിറ്റേറസ് അറിയിച്ചു. ബൊളീവിയയില്‍ നിന്നും പുറപ്പെടുമ്പോള്‍ വിമാനത്തില്‍ ആവശ്യത്തിന് ഇന്ധനമുണ്ടായിരുന്നില്ലെന്നും സൂചനകളുണ്ട്.

സംഭവസ്ഥലത്ത് നിന്ന് പരിക്കേറ്റ പത്ത് പേരെ ആസ്പത്രിയിലേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനായി കൊളംബിയന്‍ സര്‍ക്കാര്‍ രണ്ട് ഹെലികോപ്ടറുകള്‍ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

പ്രാദേശിക സമയം രാത്രി പത്തേകാലോടെയാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ബ്രസിലീയന്‍ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചതിനെ തുടര്‍ന്നാണ് ഒന്നാം ഡിവിഷന്‍ ടീമായ ചെപ്‌കോയിന്‍സിന് ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ സൗത്ത് അമേരിക്കന്‍ കപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്ന ആരും ഈ ടീമില്‍ ഇല്ലെങ്കിലും ബ്രസീലിന്റെ ജൂനിയര്‍ ടീമുകളില്‍ കളിച്ചവര്‍ ഈ ടീമിലുണ്ടെന്നാണ് സൂചന. നാളെയാണ് മത്സരത്തിന്റെ ഫൈനല്‍ നടക്കേണ്ടിയിരുന്നത്. ദുരന്തത്തെ തുടര്‍ന്ന് മത്സരം റദ്ദാക്കി.