ബിജെപിയോട് അടുക്കുന്നുവെന്നത് എതിരാളികളുടെ രാഷ്ട്രീയ വധശ്രമം; ബിജെപിയോടുള്ള എതിര്‍പ്പില്‍ യാതൊരു മാറ്റവുമില്ലെന്ന് നിതീഷ് കുമാര്‍

single-img
29 November 2016

narendra-modi-nitish-kumar_650x400_71479710293

പാറ്റ്‌ന: ബിജെപിയോട് അടുക്കുന്നുവെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് എതിരാളികള്‍ തന്നെ രാഷ്ട്രീയമായി വധിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ നിതീഷ് കുമാര്‍ പ്രകീര്‍ത്തിക്കുകയും തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നിതീഷ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണില്‍ സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിതീഷ് നോട്ട് പിന്‍വലിക്കലിനെ പിന്തുണച്ചതില്‍ ജെഡിയു സഖ്യകക്ഷികള്‍ എതിര്‍പ്പുന്നയിക്കുകയും ചെയ്തു. നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിനെതിരെ നടക്കുന്ന സമരങ്ങളില്‍ പങ്കെടുക്കരുതെന്ന് നിതീഷ് എംഎല്‍എമാരോട് നിര്‍ദേശിക്കുകയുണ്ടായി. നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ പിന്തുണച്ച നിതീഷിന് നന്ദി അറിയിച്ച് അമിത് ഷാ തിങ്കളാഴ്ച്ച ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളപ്പണത്തിനെതിരായ പോരാട്ടത്തെ പിന്തുണച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നന്ദി’ എന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്റെ ട്വീറ്റ്.

നോട്ട് പിന്‍വലിക്കലില്‍ മോഡിയെ പിന്തുണച്ചെങ്കിലും ബിജെപിയോടുള്ള രാഷ്ട്രീയമായ എതിര്‍പ്പില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് നിതീഷ് പാര്‍ട്ടി എംഎല്‍എമാരോട് വ്യക്തമാക്കി. കേന്ദ്രത്തിന്റെ പെട്ടെന്നുള്ള തീരുമാനത്തില്‍ ഗ്രാമീണ ഇന്ത്യ നേരിടുന്ന ദുരിതത്തില്‍ ആശങ്കയുണ്ടെന്നും നിതീഷ് പറഞ്ഞു. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കായതിലുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് ദീര്‍ഘകാലമായുള്ള ബിജെപി ബന്ധം നിതീഷ് കുമാര്‍ അവസാനിപ്പിച്ചത്.