നോട്ട് അസാധുവാക്കിയിട്ട് മൂന്നാഴ്ച: പുതിയ അഞ്ഞൂറ് രൂപ നോട്ടിന്റെ പ്രിന്റിംഗ് നിര്‍ത്തി; നോട്ട് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടില്ലെന്ന് ഉറപ്പായി

single-img
29 November 2016

dewas-press

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉയര്‍ന്ന മൂല്യത്തിലുള്ള ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ച് മൂന്ന് ആഴ്ച പിന്നിടുമ്പോള്‍ പുതിയ അഞ്ഞൂറ് രൂപ നോട്ടുകളുടെ പ്രിന്റിംഗ് ഏകദേശം വച്ചു. നോട്ട് പ്രിന്റ് ചെയ്യുന്ന നാസിക്, ദേവാസ് പ്രസുകളിലെ പ്രിന്റിംഗ് ആണ് നിര്‍ത്തി വച്ചിരിക്കുന്നത്.

പുതിയ അഞ്ഞൂറ് രൂപ നോട്ടുകളില്‍ നിരവധി അച്ചടി തെറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ചടി നിര്‍ത്തിവയ്ക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. രാജ്യത്തെ അംഗീകത പ്രസുകളിലെ നോട്ട് പ്രിന്റിംഗ് ശേഷി കുറവാണ് എന്നിരിക്കെയാണ് നാസിക്കിലും ദേവാസിലും സ്ഥിതി ചെയ്യുന്ന സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ(എസ്പിഎംസിഐഎല്‍) പ്രസുകളോട് പുതിയ അഞ്ഞൂറ് രൂപ നോട്ടുകള്‍ അച്ചടിക്കേണ്ടെന്ന് ധനകാര്യമന്ത്രാലയവും ആര്‍ബിഐയും ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതോടെ രാജ്യം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നോട്ട് ക്ഷാമം അടുത്ത കാലത്തൊന്നും പരിഹരിക്കപ്പെടില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അതേസമയം നിലവില്‍ രണ്ട് പ്രസുകളില്‍ നടന്നിരുന്ന നോട്ട് പ്രിന്റിംഗ് മൈസൂരിലെ പ്രസിലേക്ക് മാറ്റുമെന്ന് ഉന്നത വക്താക്കള്‍ അറിയിച്ചു. അതേസമയം എസ്പിഎംസിഐഎല്‍ ധനകാര്യമന്ത്രാലയത്തിന്റെ കീഴിലാണെങ്കിലും കര്‍ണാടകയിലെ മൈസൂരിലെയും പശ്ചിമബംഗാളിലെ സാല്‍ബോണിയിലും സ്ഥിതി ചെയ്യുന്ന പ്രസുകള്‍ റിസര്‍വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ ലിമിറ്റഡിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 2000 രൂപ നോട്ടുകളാണ് ഇവിടെ അച്ചടിക്കുന്നത്. പ്രതിദിനം രണ്ട് കോടി വീതം നാല് കോടി 2000 രൂപ നോട്ടുകളാണ് ഈ രണ്ട് പ്രസുകളില്‍ നിന്നായി അച്ചടിക്കാന്‍ സാധിക്കുക.

അതേസമയം നാസികിലെയും ദേവാസിലെയും പ്രിന്റിംഗ് യന്ത്രങ്ങള്‍ കാലപ്പഴക്കം ചെയ്തവയായതിനാല്‍ വളരെ കുറഞ്ഞ എണ്ണം 500 രൂപ നോട്ടുകള്‍ മാത്രമേ അച്ചടിക്കാന്‍ സാധിക്കൂവെന്ന് ഒരു മുന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു. പ്രതിദിനം അമ്പത് ലക്ഷം നോട്ടുകള്‍ മാത്രമാണ് ഈ പ്രസുകളില്‍ അച്ചടിക്കാന്‍ സാധിക്കുക. ഈ കണക്ക് അനുസരിച്ച് ആവശ്യത്തിന് പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ പത്ത് മാസത്തിലേറെ വേണ്ടിവരും. നോട്ട് നിരോധന തീരുമാനം മോഡി സര്‍ക്കാര്‍ തിടുക്കത്തില്‍ എടുത്തത് മാത്രമല്ലെന്നും തങ്ങളുടെ മുന്നിലുള്ള വലിയ ജോലിയെക്കുറിച്ച് ധാരണയില്ലാത്ത ഏതാനും ഉദ്യോഗസ്ഥരോട് മാത്രമാണ് അഭിപ്രായം ചോദിച്ചതെന്ന് ആര്‍ബിഐ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

പുതിയ അഞ്ഞൂറ് രൂപയുടെ പ്രിന്റിംഗ് മൈസൂരിലേക്ക് മാറ്റുമ്പോള്‍ പുതിയ യന്ത്രങ്ങളും സാങ്കേതിക വിദ്യയും സജ്ജീകരിക്കേണ്ടതുണ്ട്. അതിന് തന്നെ 21 ദിവസത്തിലേറെ സമയം ആവശ്യമായി വരുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ തന്നെ എല്ലാം ശരിയാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്ന അമ്പത് ദിവസത്തെ സമയം അവസാനിക്കാന്‍ ഒരുമാസം മാത്രമാണ് മുന്നിലുള്ളത്. ചുരുക്കത്തില്‍ ഇപ്പോള്‍ നിലവിലുള്ള നോട്ട് ക്ഷാമം മാസങ്ങളോളം നീളുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

ഇതുകൂടാതെ രണ്ടായിരം രൂപ നോട്ടുകളെ അപേക്ഷിച്ച് അഞ്ഞൂറ് രൂപ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നത് കുറഞ്ഞ നിരക്കിലുമാണ്. കൂടാതെ പ്രധാനമന്ത്രിയുടെ നവംബര്‍ എട്ടിലെ പ്രഖ്യാപനത്തിന് ശേഷം ഏറെ ആവശ്യക്കാരുള്ള നൂറ് രൂപ നോട്ടുകളും വളരെക്കുറച്ച് മാത്രമാണ് പ്രിന്റ് ചെയ്തിട്ടുള്ളത്.

പ്രധാനമന്ത്രിയുടെ പണം അസാധുവാക്കല്‍ എന്ന അപകടകരമായ തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മന്ദീഭവിക്കുമെന്നും പണത്തിന്റെ ദ്രവ്യത്വം ഇല്ലാതാകുമെന്നും നേരത്തെ തന്നെ പല വിഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന കാലത്തു തന്നെ പുതിയ നോട്ടുകളുടെ ജോലികള്‍ ആരംഭിച്ചിരുന്നെങ്കിലും 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തോട് അദ്ദേഹത്തിന് വിയോജിപ്പായിരുന്നുവെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ വെളിപ്പെടുത്തുന്നു.