നോട്ട് നിരോധനം: ഇടത് പക്ഷത്തിന്റെ പ്രതിഷേധം രാജ്യത്തിന് ഒട്ടും ഏറ്റില്ല; മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തണുത്ത പ്രതികരണം

single-img
29 November 2016

harthal-28-11

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതില്‍ പ്രതിഷേധിച്ച് ഇടതുപാര്‍ട്ടികള്‍ രാജ്യവ്യാപകമായി ആഹ്വാനംചെയ്ത പ്രതിഷേധത്തിന് ലഭിച്ചത് തണുത്തപ്രതികരണം. കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളൊഴികെയുള്ളവയെ പ്രതിഷേധം കാര്യമായി ബാധിച്ചില്ല. ഇടതുപാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള മറ്റൊരുസംസ്ഥാനമായ പശ്ചിമ ബംഗാളില്‍ പ്രതിഷേധത്തിന് യാതൊരു പ്രതികരണവുമുണ്ടായില്ല. ബിഹാറില്‍ പലയിടത്തും ഇടതുപാര്‍ട്ടികളുടെ അനുയായികള്‍ വാഹനങ്ങള്‍ തടഞ്ഞു.

ഡല്‍ഹിയിലും പ്രതിഷേധം ഒരു ചലനവുമുണ്ടാക്കിയില്ല. പാര്‍ലമെന്റില്‍ എം.പിമാര്‍ പ്രതിഷേധവും ധര്‍ണയും നടത്തിയശേഷം പ്രതിപക്ഷകക്ഷികള്‍ പര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും വെവ്വേറെയാണ് രാജ്യവ്യാപകമായി പ്രതിഷേധപരിപാടികള്‍ നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി., എന്‍സിപി എന്നിവയും പ്രതിഷേധിച്ചു.

എന്നാല്‍, ഇവയൊന്നും ഇടതുപാര്‍ട്ടികളുടേതുപോലെ പണിമുടക്കി അല്ലായിരുന്നു. ഇടതുമാര്‍ച്ച് ജന്തര്‍ മന്ദറില്‍ പോലീസ് തടഞ്ഞിരുന്നു. സീതാറാം യെച്ചൂരിയും ഡി. രാജയും അടക്കമുള്ള നേതാക്കള്‍ പ്രസംഗിച്ചു. അജയ് മാക്കന്റെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്. ആംആദ്മി പാര്‍ട്ടി രാജീവ് ചൗക്കില്‍ പൊതുസംവാദം നടത്തി. ബംഗാളില്‍ സര്‍ക്കാര്‍, സ്വകാര്യ ബസുകളും മറ്റുവാഹനങ്ങളും പതിവുപോലെ ഓടി. കടകളും ചന്തകളും സാധാരണപോലെ പ്രവര്‍ത്തിച്ചു. തീവണ്ടി സര്‍വീസുകളെയും പ്രതിഷേധം ബാധിച്ചില്ല.

ഉത്തര്‍പ്രദേശിലും പ്രതിഷേധം കാര്യമായ ചലനമുണ്ടാക്കിയില്ല. ജമ്മുകശ്മീരിനെയും പ്രതിഷേധം ബാധിച്ചതേയില്ല. ഇടതുപാര്‍ട്ടികള്‍ തെരുവില്‍ പ്രതിഷേധജാഥ നടത്തി. യുപിയിലെ പ്രമുഖരാഷ്ട്രീയകക്ഷികളൊന്നും പ്രതിഷേധത്തെ പിന്തുണച്ചിരുന്നില്ല. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് വെവ്വേറെ പ്രതിഷേധപരിപാടികള്‍ നടത്തി.

സംസ്ഥാനത്തെ വ്യാപാരികള്‍ പ്രധാനമന്ത്രിക്കൊപ്പമാണെന്ന് ജമ്മു ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് അധ്യക്ഷന്‍ രാകേഷ് ഗുപ്ത പറഞ്ഞു. ആന്ധ്രപ്രദേശില്‍ കഡപ്പ ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധിക്കാനെത്തിയ ഇടതുപ്രവര്‍ത്തകരെയും കോണ്‍ഗ്രസുകാരെയും പോലീസ് അറസ്റ്റുചെയ്തു. ഒഡിഷയില്‍ ബിജെഡി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിങ്കളാഴ്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിട്ടു.