കാശ്മീരില്‍ വീണ്ടും ഭീകരരുടെ നുഴഞ്ഞു കയറ്റം; നഗ്രോറ്റയില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

single-img
29 November 2016

nagrota-army_650x400_41480386571

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നഗ്രോറ്റയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ വീണ്ടും ഭീകരര്‍ ആക്രമണം ആരംഭിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായാണ് അറിയുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. മൂന്ന് ഭീകരര്‍ നുഴഞ്ഞുകയറിയതായാണ് നിഗമനം. സമീപ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ച അധികൃതര്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിട്ടു. ജമ്മുവില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നഗ്രോറ്റയിലെ ഹൈവേയിലാണ് ഭീകരര്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്. ഗ്രനേഡ് ആക്രമണമാണ് ഭീകരരുടെ ഭാഗത്തുനിന്നുമുണ്ടായത്. ഒരു സൈനിക മേജറും ജവാനുമാണ് മരിച്ചത്.

ഇതിനിടെ കാശ്മീരിലെ സാംബയിലും നുഴഞ്ഞുകയറ്റം ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഒരു ഭീകരനെ സൈന്യം വധിച്ചു. സാംബയിലെ ചംലിയാല്‍ ഔട്ട്‌പോസ്റ്റിന് സമീപത്താണ് ഭീകരരുടെ ആക്രമണമുണ്ടായത്. ഉടന്‍ തന്നെ ബിഎസ്എഫ് സ്ഥലം വളഞ്ഞ് തിരച്ചില്‍ തുടങ്ങി. പമ്പ് ഹൗസിന് സമീപം ഒളിച്ചിരുന്ന ഭീകരന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു.

സാംബയിലെ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഇവിടെയും ഏറ്റമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ ജമ്മുവിലെ പലയിടങ്ങളിലൂടെ നുഴഞ്ഞു കയറി ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നതിനാല്‍ ജമ്മുവിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യത്തിന്റെ വിന്യാസം ശക്തമാക്കിയതായി ബിഎസ്എഫ് വക്താക്കള്‍ അറിയിച്ചു.