ഇന്ത്യന്‍ സൈനികന്റെ തലയറുക്കാന്‍ ഭീകരര്‍ക്ക് പാക് സൈന്യത്തിന്റെ സഹായം ലഭിച്ചു; ഭീകരരില്‍ നിന്നും കണ്ടെത്തിയ ഉപകരണങ്ങളില്‍ അമേരിക്ക പാകിസ്ഥാന് നല്‍കിയവയും

single-img
29 November 2016

supplies-recovered_650x400_81480361959
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നെത്തി ഇന്ത്യന്‍ സൈനികരെ വധിക്കുകയും ഒരു സൈനികന്റെ തലയറുക്കുകയും ചെയ്ത സംഭവത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുമായി ഇന്ത്യന്‍ സൈന്യം.

ആക്രമണത്തിനെത്തിയവര്‍ ഉപേക്ഷിച്ച നൈറ്റ് വിഷന്‍ കണ്ണടകളും ഭക്ഷ്യപദാര്‍ത്ഥങ്ങളും പാക് സൈന്യത്തിന്റേതാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇന്ത്യന്‍ സൈന്യം പുറത്ത് വിട്ടത്.

supplies-recovered1

കഴിഞ്ഞ ആഴ്ചയാണ് അതിര്‍ത്തിയിലെത്തിയ അജ്ഞാതര്‍ മൂന്ന് ഇന്ത്യന്‍ സൈനികരെ വധിക്കുകയും പ്രഭുസിംഗ് എന്ന ജവാന്റെ തലയറുക്കുകയും ചെയ്തത്. ഇതില്‍ പ്രകോപിതരായ ഇന്ത്യന്‍ സൈന്യം കടുത്ത ആക്രമണമാണ് പാകിസ്ഥാന്‍ പോസ്റ്റുകള്‍ക്ക് നേരെ നടത്തിയത്.

തുടര്‍ന്ന് സംഭവസ്ഥലത്ത് ഇന്ത്യന്‍ സൈന്യം നടത്തിയ പരിശോധനയില്‍ തീവ്രവാദികള്‍ ഉപയോഗിച്ച നൈറ്റ് വിഷന്‍ ഗ്ലാസ്സ് കണ്ടെത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികളെ നേരിടുന്നതിനായി പാകിസ്ഥാന് അമേരിക്ക കൈമാറിയതായിരുന്നു ഈ നൈറ്റ് വിഷന്‍ കണ്ണടകള്‍. നൈറ്റ് വിഷന്‍ ഗ്ലാസ്സ് കൂടാതെ തീവ്രവാദികള്‍ ഉപേക്ഷിച്ച മെഡിക്കല്‍ കിറ്റില്‍ പാകിസ്ഥാന്‍ ഡിഫന്‍സ് ഫോഴ്സ് എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.

supplies-recovered2

ഇവര്‍ കൈയില്‍ കരുതിയിരുന്ന മരുന്നുകള്‍ ലഹോര്‍, കറാച്ചി, മുള്‍ട്ടാന്‍ എന്നീ നഗരങ്ങളില്‍ ഉത്പാദിപ്പിച്ചതാണ്. ഇതുകൂടാതെ പാകിസ്ഥാനിലെ വിവിധ നഗരങ്ങളില്‍ നിര്‍മ്മിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങളും പ്രദേശത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന് സംഭവത്തിനു ശേഷം ഇന്ത്യ ആരോപിച്ചിരുന്നു.

supplies-recovered3

എന്നാല്‍ ഇക്കാര്യം പാകിസ്ഥാന്‍ നിഷേധിക്കുകയായിരുന്നു. പാക് വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതാദ്യമായല്ല യുഎസ് നിര്‍മ്മിത ഉപകരണങ്ങള്‍ എതിരാളികളില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിടിച്ചെടുക്കുന്നത്. മുന്‍പും സൈന്യത്തെ ആക്രമിക്കുന്ന തീവ്രവാദികളില്‍ നിന്ന് ഇത്തരം ഉപകരണങ്ങളും വസ്തുകളും ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിട്ടുണ്ട്.