സെമി ഉറപ്പിക്കാനായി ബ്ലാസ്റ്റേഴ്സ് ഇന്ന് ബൂട്ടണിയുന്നു; അതേ ലക്ഷ്യവുമായി അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും

single-img
29 November 2016

blasters-fc

കൊല്‍ക്കത്ത: സെമി പ്രതീക്ഷ തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും മൈതാനം കീഴടക്കാനിറങ്ങുന്നു. കൊല്‍ക്കത്ത രബീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയാണ് എതിരാളികള്‍.

ജയിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന അവസാനത്തെ പ്രതിജ്ഞാ വാചകം ഉരുവിട്ടു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഒരു ഭാഗത്തു ബൂട്ട് കെട്ടുമ്പോള്‍, മറു ഭാഗത്തു ടൂര്‍ണമെന്റിലെ കരുത്തരില്‍ കരുത്തരായ കൊല്‍ക്കത്തയില്‍ നിന്നും ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കേണ്ടത്. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ എത്ര നനച്ചിട്ടാലും ഇന്ന് രവീന്ദ്ര സരോവറില്‍ പൊടി പാറുമെന്ന് ഉറപ്പാണ്. ഇന്നു ജയിക്കുന്ന ടീമിന് സെമി ഏറെക്കുറെ ഉറപ്പിക്കാം. ഈ പശ്ചാത്തലത്തില്‍ കനത്ത പോരാട്ടത്തിനാകും ഇന്ന് കൊല്‍ക്കത്ത സാക്ഷ്യം വഹിക്കുക.

വൈകീട്ട് ഏഴിനാണ് കിക്കോഫ്. മുംബൈക്കെതിരായ കനത്ത പരാജയത്തിനു ശേഷം കൊച്ചിയില്‍ പൂനയ്‌ക്കെതിരേ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. 12 മത്സരങ്ങളില്‍നിന്ന് അഞ്ചു ജയവും നാലു പരാജയവും മൂന്നു സമനിലയുമുള്ള കേരളത്തിന് 18 പോയിന്റാണ് ഉള്ളത്.

അത്രതന്നെ കളികളില്‍നിന്ന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കും 18 പോയിന്റുണ്ട്. അതിനാല്‍ ഈ മത്സരം ആരു ജയിച്ചാലും അവര്‍ക്ക് സെമി പ്രവേശനം എളുപ്പമാകും. സെമി പ്രവേശനത്തിനൊപ്പം ഹോം ഗ്രൗണ്ടില്‍ ഏറ്റ പരാജയത്തിന് മധുരപ്രതികാരം ചെയ്യുക എന്ന ലക്ഷ്യവും ബ്ലാസ്റ്റേഴ്‌സിനുണ്ട്. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത് അത്‌ലറ്റികോയോട് മാത്രമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഡിസംബര്‍ നാലിന് കൊച്ചിയിലാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍.